
വർക്കല: ഒരു കാലത്ത് ഒരു പ്രദേശത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന കുളം ഇന്ന് നാശത്തിന്റെ വക്കിൽ.വടശ്ശേരിക്കോണം അടവിനകം കുളമാണ് വേണ്ടത്ര പരിപാലനമില്ലാതെ പായൽമൂടി നശിക്കുന്നത്.വർഷങ്ങൾക്ക് മുൻപ് വടശ്ശേരിക്കോണം അടവിനകം ഭാഗത്ത് നിരവധി നീരുറവകളും മൂന്നിലേറെ കുളങ്ങളുമുണ്ടായിരുന്നു.നെൽവയലിനോട് ചേർന്നുള്ള തെങ്ങിൻ തോപ്പുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇതിൽ നിന്നുള്ള വെള്ളമൊഴുകി.പ്രദേശവാസികൾ ഇവിടേക്ക് കുളിയ്ക്കാനും,നനയ്ക്കാനും മറ്റും എത്തിയിരുന്നു.പിന്നീട് കുളങ്ങളും മറ്റും പൊതുസ്ഥാപനങ്ങളുടെ പട്ടികയിൽ ചേർത്ത് പഞ്ചായത്ത് വകയായി.അന്നത്തെ ഭൂവുടമ മൂന്ന് സെന്റ് സ്ഥലം കുളിക്കുളത്തിനായി പഞ്ചായത്തിന് സറണ്ടർ ചെയ്യുകയും ചെയ്തു.
പാറകൊണ്ട് കെട്ടിത്തിരിച്ചതാണ് കുളിക്കുളം.ഇടയ്ക്ക് പഞ്ചായത്ത് നടത്തിയ അറ്റകുറ്റ പണിയോടൊപ്പം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ സമയം കുളിക്കാനായി ഭിത്തികെട്ടി കുളിസ്ഥലം രണ്ടാക്കി തിരിച്ചു.മുൻകാലങ്ങളിൽ എല്ലാവർഷവും പഞ്ചായത്ത് അറ്റകുറ്റപ്പണികൾ ചെയ്യുമായിരുന്നു.എന്നാൽ ഇപ്പോൾ നവീകരണം മുടങ്ങി.എത്രയും വേഗം പ്രദേശം വൃത്തിയാക്കി കുളം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജലമൊഴുക്കും ഇല്ല
അടവിനകം ഭാഗത്ത് നിന്നാരംഭിക്കുന്ന ജലമൊഴുക്ക് വെള്ളിയാഴ്ചകാവുവഴി മൂങ്ങോട് കായലിൽ എത്തിച്ചേരുന്ന കാലമുണ്ടായിരുന്നു.ഇന്ന് പലതോടുകളും കൈയേറിയും നിലങ്ങൾ നികത്തിയും ജലമൊഴുക്ക് തടസപ്പെട്ട നിലയിലാണ്
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് വടശ്ശേരിക്കോണം വാർഡിലാണ് അടവിനകം കുളമുള്ളത്.ജംഗ്ഷനോടും പ്രധാന റോഡിനോടും ചേർന്ന് സ്ഥിതി ചെയ്യുന്നു
കുളത്തിലേക്ക് പോകാൻ മതിലുകൾക്കിടയിലൂടെ ഇട്ടിരിക്കുന്ന ഒരു മീറ്റർ നട വഴി കുറ്റിക്കാടായി
രാത്രിക്കാലങ്ങളിൽ കുളത്തിലും വഴിയിലും പ്രകാശമില്ല
കുളത്തിൽ പായലും വള്ളിച്ചെടികളും വളർന്ന് നാശമായിരിക്കുകയാണ്
മലിനജലം ഒഴുക്കിവിട്ടിരുന്ന തോട് അടഞ്ഞതോടെ,മലിന ജലം തിരിച്ച് വീണ്ടും കുളത്തിലേക്ക് തന്നെ ഒഴുകിയെത്തുന്നു
വർക്കല - കല്ലമ്പലം പ്രധാന റോഡിൽ മുണ്ടപ്ലാവി മൂട് ജംഗ്ഷനിൽ നിന്ന് തുടങ്ങി വടശ്ശേരിക്കോണം അംബേദ്കർ കോളനി റോഡിൽ അയണിവിളഭാഗത്തെത്തുന്ന കുളത്തിലേക്കുള്ള ഒരു മീറ്റർ നടവഴിയും അടഞ്ഞുക്കിടക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |