
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ വില്ലിക്കുളം-കാറാത്തല റോഡിലെ പൊട്ടിപ്പൊളിഞ്ഞ അരക്കിലോമീറ്ററോളം ഭാഗത്ത് റീടാറിംഗ് ആരംഭിച്ചു. നിർമ്മാണം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലാണ് ഇവിടെ കുഴികൾ പ്രത്യക്ഷപ്പെട്ടത്.
നിർമ്മാണജോലികൾ ആശാസ്ത്രിയവും മിക്കയിടങ്ങളിൽ കോൺക്രീറ്റ് പാകിയില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി ജൂൺ 25ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ബി.ജെ.പി പ്രതിപക്ഷ മെമ്പർമാരും റോഡിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. അവസാന ഗഡുക്കളായി കരാറുകാരന് കിട്ടാനുള്ള തുക വേഗത്തിൽ കൈമാറില്ലെന്ന് എൽ.എസ്.ജി.ഡി വിഭാഗം അധികൃതർ അറിയിച്ചതോടെ റോഡിന്റെ ബലക്ഷയം പരിഹരിച്ച് റീടാംറീംഗ് നടത്തുവാൻ കരാറുകാരൻ തയ്യാറാവുകയായിരുന്നു.
ടാറിഗ് കഴിഞ്ഞ് മൂന്നുമാസത്തിനു മുൻപ് പൊട്ടിപ്പൊളിഞ്ഞു
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപയാണ് വില്ലിക്കുളം-കാറാത്തല റോഡിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് അനുവദിച്ചത്. എന്നാൽ ആദ്യഘട്ടടാറിംഗ് നടത്തി അമ്പത് ദിവസം പിന്നിടും മുമ്പേ റോഡിൽ കുഴികൾ രൂപപ്പെട്ട് തുടങ്ങി. കഴിഞ്ഞ ദിവസം കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിലെല്ലാം മെറ്റലിട്ട് നികത്തി. ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ വെള്ളമൊഴുകിപ്പോകുന്നതിലേക്കായി സംവിധാനമൊരുക്കി. ദിവസവും കാറാത്തല-വില്ലിക്കുളം ഭാഗത്തേക്ക് പോകുന്ന ടിപ്പറുകൾ റോഡ് തകർച്ചയ്ക്കിടയാക്കിയതെന്നും ആക്ഷേപമുയർന്നിരുന്നു.
സ്ഥിതിഗതികൾ വിലയിരുത്തി
വയൽക്കരയോട് ചേർന്നുള്ള റോഡായതിനാൽ വയലിൽ നിന്നുള്ള ഊറ്റും റോഡിൽ കുഴികൾ രൂപ്പപ്പെടാൻ കാരണമായി. എൽ.എസ്.ജി.ഡി വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ജില്ലാ പഞ്ചായത്ത് മെമ്പർ അഞ്ജിത വിനോദ് കോട്ടുകാൽ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റീടാറിംഗ് നടത്തിയ റോഡിൽ സാമൂഹ്യവിരുദ്ധർ മണ്ണെണ്ണയൊഴിച്ച് റോഡിന് ബലക്ഷയം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്.
വയൽക്കര റോഡുകൾ നവീകരിക്കുമ്പോൾ കോൺക്രീറ്റ് പാത, ടാറിംഗ് എന്നിവ ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം പൂർത്തീകരിക്കേണ്ടത്. എന്നാൽ കാറാത്തല-വില്ലിക്കുളം റോഡിന്റെ നവീകരണത്തിൽ യാതൊരുവിധ ശാസ്ത്രീയ പഠനവും നടത്താതെയാണ് പണികൾ പൂർത്തീകരിച്ചതെന്നും നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |