SignIn
Kerala Kaumudi Online
Saturday, 18 July 2026 1.58 AM IST

മലയോരഹൈവേ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്

photo-1

പാലോട്: 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മലയോരഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര വരെയുള്ള ഒൻപതര കിലോമീറ്റർ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇവിടെ റോഡ് പലഭാഗങ്ങളിലായി തകർന്നു കിടക്കുകയായിരുന്നു. റോഡ് നിർമ്മാണത്തിൽ അടിമുടി ക്രമക്കേടുകളും അശാസ്ത്രീയതയുമുണ്ടെന്നു കാട്ടി നിരവധി പരാതികളാണ് പൊതുമരാമത്തിന് ലഭിച്ചിരുന്നത്. റോഡിന്റെ ചില ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന വീതിമാത്രം നിലനിർത്തിയാണ് പണി നടക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. കൈയേറ്റം ഒഴിപ്പിക്കുന്നതിനോ, ശാസ്ത്രീയമായി റോഡിന്റെ വീതി കൂട്ടുന്നതിനോ ശ്രമങ്ങൾ ഉണ്ടായില്ല.

മൂന്നുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും

കൊച്ചുകരിക്കകം മുതൽ കൊപ്പംവരെയുള്ള റോഡിലാണ് ഇപ്പോൾ ടാറിംഗ് ജോലികൾ ആരംഭിച്ചത്. മൂന്നുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ഇക്ബാൽകോളേജ് തെന്നൂർ റോഡിൽ മെറ്റൽമാത്രം പാകിയിട്ടത് നിരന്തരം അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതിൽ നാട്ടുകാർ നിരന്തരം പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നേരത്തെ കരാർ ഏറ്റെടുത്തിരുന്ന റിവൈവ് എന്ന കമ്പനിയെ വീണ്ടും റോഡ് നിർമ്മാണം ഏൽപ്പിച്ചത്.

വിതുര പൊന്നാംചൂണ്ട് റോഡിലൂടെ വർഷങ്ങളായി ബസ് സർവീസുകൾ ഏറെ അപകടകരമായിട്ടാണ് യാത്രചെയ്യുന്നത്. മണ്ണും പൊടിയും സഹിച്ച് കഴിഞ്ഞിരുന്ന നാട്ടുകാർക്ക് ഏറെ ആശ്വാസമാണ് കൊച്ചുകരിക്കകം റോഡിലെ ടാറിംഗ്.

തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാരപടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്, ആര്യനാട്,വിതുര,പെരിങ്ങമ്മല,പാലോട്,മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്.ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് ഹൈവേ കടന്നുപോകുന്നത്.

അപാകതകൾ പരിഹരിക്കണം

സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും എന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. മലയോര ഹൈവേയുടെ വരവ് ടൂറിസം മേഖലയ്ക്ക് ഉണർവേകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഒന്നുമായില്ല. അപാകതകൾ പരിഹരിച്ച് അടിയന്തര പ്രാധാന്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL