
കഴക്കൂട്ടം: കഠിനംകുളത്ത് ലഹരിമരുന്ന് ശേഖരവുമായി പിടിയിലായ പ്രതി പൊലീസിനെയും ഡാൻസാഫ് സംഘത്തെയും വെട്ടിച്ച് കടന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനി ചേരമാൻ തുരുത്ത് സ്വദേശി അസ്ജറാണ് (36) രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
ചൊവ്വാഴ്ച രാത്രി ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ റൂറൽ ഡാൻസാഫ് സംഘവും കഠിനംകുളം പൊലീസും നടത്തിയ മിന്നൽ പരിശോധനയിൽ 87 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ കൊണ്ടു പോകുന്നതിനിടെ പൊലീസുകാരുടെ കൈ തട്ടിമാറ്റി വീടിന് പിന്നിലെ മതിൽ ചാടിക്കടന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി ചേരമാൻ തുരുത്ത്,കൊട്ടാരം തുരുത്ത്,പുതുക്കുറിച്ചി പ്രദേശങ്ങളിൽ രാത്രിയിൽ ടോർച്ചുകളുമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചതുപ്പും കായൽക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാൽ പ്രതി വളരെപ്പെട്ടെന്ന് രക്ഷപ്പെടുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച പുലരുവോളം പ്രദേശത്ത് തെരച്ചിൽ തുടർന്നെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചില്ല. റൂറൽ എസ്.പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |