എരുമപ്പെട്ടി: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പ്രതിയെ
പിടികൂടി പൊലീസ്. എരുമപ്പെട്ടി സ്വദേശി എലക്കോടൻ പറമ്പിൽ ദിൽജിത്തിനെയാണ് (36) മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. നാടിനെ നടുക്കിയ കവർച്ചാ കേസിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രതിയെ വലയിലാക്കിയ പൊലീസിന് അഭിനന്ദനപ്രവാഹമാണ്. ജൂലായ് 12നായിരുന്നു സംഭവം. കരിയന്നൂർ അണ്ടേക്കാട്ട് പീടികയിൽ താമസിക്കുന്ന എൺപതുകാരിയായ ബീവാത്തുവിന്റെ മൂന്ന് പവന്റെ മാലയാണ് ദിൽജിത്ത് കവർന്നത്. പകൽ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി കട്ടിലിൽ കിടക്കുകയായിരുന്ന ബീവാത്തുവിന്റെ കഴുത്തിൽ ഞെക്കിപ്പിടിച്ചാണ് മാല ഊരിയെടുത്തത്. കയ്യിലെ മോതിരം ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ പിടിവലിയിൽ വയോധികയുടെ കൈ വിരലുകൾക്ക് പരുക്കേറ്റിരുന്നു. മകൻ മരിച്ചതിനെ തുടർന്ന് തനിച്ച് താമസിക്കുകയായിരുന്ന ബീവാത്തുവിനെ വീടിനുള്ളിലാക്കി പുറത്തുനിന്ന് വാതിൽ കുറ്റിയിട്ടാണ് പ്രതി കടന്നുകളഞ്ഞത്.
സംഭവം നടന്നയുടൻ തന്നെ എരുമപ്പെട്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതും തുടർന്ന് വലയിലാക്കിയതും. മാല കവർന്ന് എരുമപ്പെട്ടിയിലെ ജ്വല്ലറിയിലെത്തിച്ച് ഉരുക്കി പുതിയ രൂപത്തിലാക്കിയ ശേഷം പണയമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി കുറ്റസമ്മതം നടത്തി. പ്രതിയെ സംഭവസ്ഥലത്തും സ്വർണ്ണം വിറ്റ സ്ഥാപനങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. തൃശൂർ പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കുന്നംകുളം എ.സി.പി എൻ.മുരളീധരന്റെ മേൽനോട്ടത്തിൽ എരുമപ്പെട്ടി ഇൻസ്‌പെക്ടർ അനീഷ് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. എസ്.ഐ ആന്റോ ഫ്രാൻസീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോഷി ജോസഫ്, കെ.കൃഷ്ണ പ്രസാദ്, റെജിൻ സി.രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ പി.ടി.സൈമൺ, പി.ജെ.നജോൺ എന്നിവരടങ്ങുന്ന സംഘത്തിന്റെ സമയബന്ധിതമായ ഇടപെടലാണ് പ്രതിയെ പെട്ടെന്ന് തന്നെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സഹായിച്ചത്.
ചിത്രം: പ്രതി ദിൽജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |