
ആളപായമില്ല
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചുകയറി,തട്ടുകടയും ലോറിയുടെ ക്യാബിനും പൂർണമായി കത്തിനശിച്ചു.ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കൊല്ലം ഭാഗത്തേയ്ക്ക് അമിത വേഗതയിൽ പോവുകയായിരുന്ന ടോറസ് ലോറി മൂന്നുമുക്ക് ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട്, 'സുന്ദരൻ' എന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശത്ത് നിന്നാണ് ആദ്യം തീ പടർന്നത്.തുടർന്ന് ലോറിക്കും കടയ്ക്കും തീപിടിച്ചു.വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘം തീകെടുത്താൻ ശ്രമം നടത്തി.പിന്നാലെ കല്ലമ്പലം ഫയർഫോഴ്സിലെ രണ്ട് യൂണിറ്റ് വാഹനം കൂടിയെത്തിയാണ് തീ പൂർണമായും കെടുത്തിയത്.അപകടസമയത്ത് റോഡിൽ തിരക്കില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ജീവനക്കാർ തട്ടുകട അടയ്ക്കാനുള്ള സമയത്തായിരുന്നു അപകടം.ലോറി പറഞ്ഞുവരുന്നത് കണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.
തട്ടുകടയിൽ സൂക്ഷിച്ചിരുന്ന 3 ഗ്യാസ് സിലിണ്ടറുകളിൽ തീപടർന്നെങ്കിലും പൊട്ടിത്തെറി ഉണ്ടായില്ല.ഒരു ഗ്യാസ് സിലിണ്ടർ തീപിടിച്ച വാഹനത്തിന്റെ അടിയിൽപ്പെട്ടിരുന്നു.തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്നയുടൻ ലോറിയിലെ ജീവനക്കാർ ഇറങ്ങി ഓടി രക്ഷപ്പെട്ടിരുന്നു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നരമണിക്കൂറോളം വാഹന ഗതാഗതം പൂർണമായും നിലച്ചു.ആറ്റിങ്ങൽ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനു.ആർ.എസ്,അനീഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്,രതീഷ്,സജിത്ത്,ഷിജിമോൻ,ശ്രീകാന്ത്,അനൂപ്,സുജിത്, അരവിന്ദൻ,സജികുമാർ,സജീവ്,വിഷ്ണു,ഷിബു,ഹോം ഗാർഡുമാരായ ബിജു,ജയചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ തീ സമീപ കടകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |