കൊച്ചി: എറണാകുളം എം.ജി റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ കവർച്ച. രണ്ട് കടകളിൽ നിന്നായി 7. 40 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചെമ്പു കമ്പികളും മോഷണം പോയി. രാത്രികാല പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘങ്ങളുടെ കണ്ണുവെട്ടിച്ച് നടന്ന മോഷണ പരമ്പര പൊലീസിനെ ഞെട്ടിച്ചു. സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
എറണാകുളം ഷേണായീസ് തിയേറ്ററിന് സമീപത്തെ പ്രമുഖ ഇലക്ട്രിക്കൽസ് സ്ഥാപനമായ ജോസ് ഇലക്ട്രിക്കൽസിലും കവിതാ തിയറ്ററിന് സമീപത്തെ റെയ്മണ്ട്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. ജോസ് ഇലക്ട്രിക്കൽസിൽ നിന്ന് 5 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് സാധനങ്ങൾ കടത്തി. മോഷണം പോയ സാധനങ്ങളുടെ എണ്ണം പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല. റെയ്മണ്ട് ഷോപ്പിൽ നിന്ന് 2.40 ലക്ഷം രൂപയുടെ ചെമ്പു പൈപ്പുകൾ കവർന്നു.
കഴിഞ്ഞ് 19ന് രാത്രി 11.50നും 20ന് പുലർച്ചെ രണ്ടിനുമിടെയാണ് ജോസ് ഇലക്ട്രിക്കൽസിൽ കവർച്ച നടന്നത്. രണ്ട് പേർ എം.ജി റോഡിനോട് അഭിമുഖമായ കടയുടെ ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ച് അകത്ത് കടക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 19ന് നടന്ന മോഷണത്തിൽ കടയുടമകൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതും കേസെടുത്തതും തിങ്കളാഴ്ച മാത്രമാണ്. സാധനങ്ങൾ മോഷണം പോയത് കഴിഞ്ഞയാഴ്ചത്തെ കണക്കെടുപ്പിലാണ് കണ്ടെത്തിയതെന്നാണ് ഉടമകളുടെ വിശദീകരണം.
റെയ്‌മണ്ട് ഷോപ്പിൽ നിന്ന് ജൂൺ 31നും ആഗസ്റ്റ് ഒന്നിനും രാത്രിയായിരുന്നു മോഷണം. ടെറസിലെ എയർകണ്ടീഷൻ ഔട്ട്ഡോർ യൂണിറ്റിൽ നിന്ന് കടയ്ക്കുള്ളിലേക്ക് വലിച്ച ചെമ്പ് പൈപ്പുകളാണ് മുറിച്ച് കടത്തിയത്. 80 മീറ്ററോളം മോഷണം പോയെന്ന് മാനേജർ നൽകിയ പരാതിയിൽ പറയുന്നു.
ജില്ല കേന്ദ്രീകരിച്ച് ചെമ്പ് കമ്പികൾ മോഷ്ടിക്കുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ബി.എസ്.എൻ.എൽ ടെർമിനലിൽ നിന്നുൾപ്പെടെ ചെമ്പുകമ്പികൾ കടത്തുന്നത് വ്യാപകമായി. പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് പ്ലഗ്ഗുകൾ അഴിച്ചു മാറ്റി വയർ ഊരിയെടുത്ത് ചെമ്പുകമ്പികൾ വേർതിരിച്ച് ആക്രിക്കടകൾക്ക് വിൽക്കുന്നതാണ് പതിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |