
പെരുമ്പിലാവ് : പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. പതിമൂന്നര പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. പട്ടാമ്പി റോഡിലെ വെളുത്ത വളപ്പിൽ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെ അക്ബറും കുടുംബവും പുറത്തുപോയി രാത്രി 8:30 ഓടെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ തകർത്ത മോഷ്ടാക്കൾ അകത്തുകയറി അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ആധാർ കാർഡ്, ആർ.സി ബുക്ക് എന്നിവ ഉൾപ്പെടെയാണ് കൊണ്ടുപോയത്. സംഭവത്തിൽ പതിമൂന്നര പവൻ സ്വർണവും 10000 ത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിറകുവശത്തെ ഗ്രില്ലും തകർത്താണ് മോഷ്ടാക്കൾ പുറത്തുപോയിരിക്കുന്നത്. അക്ബർ കുന്നംകുളം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്‌സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ച് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |