SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

മലയോരത്ത് മുറതെറ്റാതെ ഇരുചക്ര വാഹനാപകടങ്ങൾ

വെള്ളറട: മലയോര ഗ്രാമങ്ങളിൽ അധികൃതരുടെ വാഹന പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ഇരുചക്രവാഹന അപകടങ്ങൾ മൂലമുള്ള മരണസംഖ്യ വർദ്ധിക്കുകയാണ്. അമിത വേഗതയും മദ്യപിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതും പതിവാണ്. ഗ്രാമീണമേഖലയിൽ ഒട്ടുമിക്കറോഡുകളും നല്ലനിലയിൽ നിർമ്മിച്ചതോടെ അമിത വേഗതകാരണം അപകടങ്ങൾ വർദ്ധിക്കുന്നുണ്ട്.

പൊലീസിന്റെ വാഹന പരിശേധന കാര്യക്ഷമമാണെങ്കിലും ചെറുവാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കൽ വളരെ കുറവാണ്. വെള്ളറട, ആര്യങ്കോട് സ്റ്റേഷൻ പരിസരങ്ങളിൽ അപകടങ്ങളിൽപെടുന്ന ഇരുചക്രവാഹനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മത്സരയോട്ടവും അഭ്യാസപ്രകടനവും

അപകടങ്ങളിൽപ്പെടുന്നതിൽ ഏറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. മത്സരിച്ച് ബൈക്ക് ഓടിക്കുന്നത് ഗ്രാമങ്ങളിൽ നിത്യകാഴ്ചയാണ്. ആഡംബര ബൈക്കുകൾ ഓടിക്കുന്ന യുവാക്കൾ ബൈക്കിന്റെ അടിഭാഗത്തുള്ള സ്റ്റാന്റ് റോഡിൽ ഉരപ്പിച്ച് തീപ്പൊരി തെറിപ്പിച്ചാണ് പായുന്നത്. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് ലൈസൻസോ വാഹനങ്ങൾക്ക് ഇൻഷ്വറൻസോ രേഖകളുണ്ടാകാറില്ല. മിക്കപ്പോഴും മരണമടയുന്നവരുടെ കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷപോലും ലഭിക്കില്ല. ബൈക്കുകളിലാണെങ്കിൽ രണ്ടുപേർക്ക് യാത്രചെയ്യാവുന്നിടത്ത് മൂന്നും നാലുംപേര് കയറിയാണ് യാത്ര. ഇതുകാരണം അപകടത്തിൽ സാരമായ പരിക്കുപറ്റിയാൽപോലും ചികിത്സ സഹായം ലഭിക്കുകയുമില്ല

അപകടക്കേസുകൾ പെരുകുന്നു

മലയോര ഗ്രാമങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളിൽ ഇരുചക്രവാഹന അപകടക്കേസുകൾ പെരുകുകയാണ്. മാസത്തിൽ പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യേണ്ടിവരുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാത്തതും മദ്യപിച്ച് വാഹനം ഒടിക്കുന്നവർക്ക് കാര്യമായ ശിക്ഷ ലഭിക്കാത്തതുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL