തിരുവനന്തപുരം: യൂണിഫോം തുണി വാങ്ങാനും തയ്ക്കാനും റിക്രൂട്ട് ട്രെയിനികളിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത് ഓൺലൈൻ ചൂതാട്ടത്തിൽ ചെലവഴിച്ച പൊലീസ് ട്രെയ്‌നി ശംഭു ആർ.കൃഷ്ണൻ മുമ്പും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി സൂചന. നിലവിലുള്ള പരാതിയോടൊപ്പം ഇക്കാര്യം കൂടി അന്വേഷിക്കാൻ പേരൂർക്കട പൊലീസ് തീരുമാനിച്ചു. പൊലീസുകാരൻ പ്രതിയായ കേസിന്റെ അന്വേഷണം എസ്.എച്ച്.ഒ വിനോദ് കൃഷ്ണയ്‌ക്ക് കൈമാറും.
പണം തട്ടിയെടുത്ത കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ.കൃഷ്ണയെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾ മുമ്പ് ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഉണ്ടായിരുന്നപ്പോൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പണം പിരിച്ചശേഷം അന്വേഷണമുണ്ടായപ്പോൾ അവിടെ നിന്ന് രാജിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. ഇതിനുശേഷമാണ് പത്തനംതിട്ട കെ.എ.പി ബറ്റാലിയനിൽ ചേർന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
കൂടുതലായി പണമുണ്ടാക്കണമെന്ന ആഗ്രഹമാണ് പണം തട്ടിയെടുത്ത് ഓൺലൈൻ ഗെയിം കളിക്കാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഓൺലൈൻ ബെറ്റിംഗ് ഗെയിമിലാണ് ഇയാൾ പണം നിക്ഷേപിച്ചത്. ഇതിൽ നിന്ന് ഇരട്ടി തുക ലഭിക്കുമ്പോൾ പിരിച്ച പണം പൊലീസ് ഡ്രൈ കാന്റീൻ അക്കൗണ്ടിൽ നിക്ഷേപിക്കാനായിരുന്നു തീരുമാനം. എന്നാൽ ബെറ്റിംഗിൽ പണം നഷ്ടപ്പെടുകയായിരുന്നു. യൂണിഫോം കമ്മിറ്റിയിൽ അംഗമായ ശംഭു ആർ.കൃഷ്ണൻ, പണം ഡ്രൈ കാന്റീനിലോ തുണി തയ്ക്കുന്ന സൊസൈറ്റിയിലോ അടയ്ക്കാതെ വന്നതോടെയാണ് ട്രെയിനികൾക്ക് സംശയം തോന്നിയത്. എസ്.എ.പിയിലെ സീനിയർ കമാൻഡിംഗ് നൽകിയ പരാതിയിലാണ് ശംഭു ആർ.കൃഷ്ണയ്‌ക്കെതിരെ കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |