
പൂവാർ: മുട്ടയാറിന്റെ അതിരുകൾ സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുട്ടയാറിന്റെ ഇരുകരകളിലെ ഭൂമിയിലും അതിർത്തി കല്ലുകൾ സ്ഥാപിച്ചെങ്കിലും അവയുടെ സംരക്ഷണം ഉറപ്പുവരുത്താൻ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സർവ്വേ ഉദ്യോഗസ്ഥർ സ്ഥാപിച്ച അതിരുകല്ലുകളിൽ പലതും കാണാനില്ല. സർവ്വേ നടത്തിയപ്പോൾ കണ്ടെത്തിയ പുറമ്പോക്ക് ഭൂമിയിലെ വൃക്ഷങ്ങളിൽ പലതും മുറിച്ച് കടത്തിയിട്ടുമുണ്ട്.
മുട്ടയാർ നാശത്തിന്റെ വക്കിൽ
കൈയേറ്റക്കാരുടെ കടന്നുകയറ്റവും മാലിന്യനിക്ഷേപവും കാരണം നാശത്തിന്റെ വക്കിലാണ് നെയ്യാറിന്റെ കൈവഴിയായ മുട്ടയാർ.
മുട്ടയാറിന്റെ തീരത്താണ് പുരാതനവും ചരിത്ര പ്രസിദ്ധവുമായ അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്രം നിലകൊള്ളുന്നത്. മുടമ്പിൽ ഏല മുട്ടയാറിനെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട മുതൽ പൂവാറിലെ ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽ വരെ നീളുന്ന മുട്ടയാറിൻ തീരം അടുത്ത കാലം വരെ തെങ്ങും, വാഴയും,മരച്ചീനിയും, പച്ചക്കറികളും വിളയുന്ന കൃഷിയിടങ്ങളായിരുന്നു.
പ്രധാന ജലസ്രോതസ്
പൂവാർ ഗ്രാമപഞ്ചായത്തിലെ 3,4,5 വാർഡുകളിൽ വ്യാപിച്ചു കിടക്കുന്നതാണ് മുട്ടയാർ. പ്രദേശവാസികളുടെ കുടിവെള്ളസ്രോതസ് പ്രധാനമായും മുട്ടയാറാണ്. വസ്ത്രങ്ങൾ അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും മുട്ടയാറിനെ ആശ്രയിക്കാറുണ്ട്.എന്നാൽ നീരൊഴുക്ക് നിശ്ചലമായതോടെ മുട്ടയാർ മാലിന്യപുഴയായി.
കൈയേറ്റം:തുടർനടപടികൾ നിശ്ചലം
കയ്യേറ്റം വ്യാപകമായതോടെ 50മീറ്ററോളം വീതിയുണ്ടായിരുന്ന മുട്ടയാർ ഇന്ന് പലയിടങ്ങളിലും 5മീറ്ററായി ചുരുങ്ങി.മുട്ടയാറിനെ കയ്യേറ്റക്കാരിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും അധികൃതർക്ക് നൽകിയിട്ടും നടപടിയുണ്ടായില്ല.ഈ സാഹചര്യത്തിലാണ് ഒരു പൊതുപ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ച് കയ്യേറ്റം ഒഴിപ്പിക്കാൻ നടപടികൾ തുടങ്ങിയത്.
മുട്ടയാറിനെ സംരക്ഷിക്കാൻ ഹൈക്കോടതി ഉത്തരവുണ്ട്. അതിർത്തികൾ കണ്ടെത്തി കല്ലുകൾ സ്ഥാപിച്ച് കൈയേറ്റം ഒഴിപ്പിച്ചെങ്കിലും തുടർനടപടികൾ നിശ്ചലമാണ്. മുട്ടയാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മന്ത്രിമാർക്കുൾപ്പെടെ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
തിരുപുറം ഗ്രാമപഞ്ചായത്തിലെ മാവിളക്കടവിൽ തുടങ്ങി പഴയാറ്റിൻകര,ആയിരംതൈ,ആറാട്ടുകടവ്, അരുമാനൂർ ക്ഷേത്രക്കടവ്,ബണ്ട്റോഡ് കടന്ന് നെയ്യാറിൽ സമാപിക്കും.ഏകദേശം 2കിലോമീറ്റർ ചുറ്റിയാണ് മുട്ടയാർ പൂവാറിലെ നെയ്യാറിൽ ചെന്നുചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |