
നെടുമങ്ങാട് : തലസ്ഥാന നഗരത്തെ നടുക്കിയ കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം.ഒന്നാം പ്രതി കുപ്രസിദ്ധ ഗുണ്ട കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ പരട്ട അരുൺ എന്ന ആർ.അരുൺ ഉൾപ്പടെയുള്ള പ്രതികളെ നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി ജഡ്ജി ഷാജഹാനാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ടാം പ്രതി കണ്ണമ്മൂല തോട്ടരികത്ത് വീട്ടിൽ ആർ.ലല്ലു, മൂന്നാം പ്രതി കണ്ണമ്മൂല തോട്ടുവരമ്പിൽ വീട്ടിൽ പൂച്ച എന്ന ബി.രാജേഷ്, നാലാം പ്രതി കണ്ണമ്മൂല മുടുമ്പിൽ വീട്ടിൽ സനൽകുമാർ എന്ന എം.സഞ്ജു, അഞ്ചാം പ്രതി കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ബോൾജി എന്ന എസ്.ശ്രീനാഥ്,ആറാം പ്രതി പട്ടം പി.ടി.സി നഗറിൽ മഠത്തുവിളാകം വീട്ടിൽ വിജീഷ് എന്ന വി.വിഷ്ണു,ഏഴാം പ്രതി കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ഷെട്ടി മനു എന്ന ജെ.മനു എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ.എട്ടു മുതൽ പന്ത്രണ്ടു വരെ പ്രതികളായ ഡിനി ബാബു,ജയൻ,അജീഷ്,ഉണ്ണിക്കൃഷ്ണൻ,ദിലീപ് എന്നിവരെ വെറുതെ വിട്ടു.ജീവപര്യന്തം തടവിന് പുറമെ,വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം.പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം.കേസിലെ രണ്ടാം സാക്ഷിയായ, കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മ ബിന്ദുകുമാരിക്ക് പിഴത്തുകയിൽ നിന്നു അഞ്ച് ലക്ഷം രൂപ നൽകാനും ഒന്നാം സാക്ഷി വിഷ്ണുവിന്റെ അച്ഛൻ ജോസ് എന്ന അനിൽകുമാറിനും മൂന്നാം സാക്ഷി ജോസിന്റെ സഹോദരി ലൈലയ്ക്കും 3 ലക്ഷം രൂപ വീതം നൽകാനും കോടതി വിധിയായി.
പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാൻ അന്വേഷണ ഉദ്യോഗസ്ഥനും അഡ്വ.സാജൻ പ്രസാദ് സ്പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്നു.ശിക്ഷാവിധി കേൾക്കാൻ കോടതി പരിസരത്ത് ഗുണ്ടാസംഘങ്ങൾ എത്തിയതറിഞ്ഞ് പൊലീസ് ശക്തമായ കാവലേർപ്പെടുത്തി.
കൊലപാതകം മാതാപിതാക്കളുടെ കൺമുന്നിൽ
2016 ഒക്ടോബർ 7 നായിരുന്നു കൊലപാതകം.18-കാരനായ വിഷ്ണുവിനെ അച്ഛനമ്മമാരുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതായാണ് കേസ്.വിഷ്ണുവിന്റെ മാതാപിതാക്കൾക്കും അച്ഛന്റെ സഹോദരിക്കും ഗുരുതര പരിക്കേറ്റിരുന്നു.എട്ടാം പ്രതിയുടെ സഹോദരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ അച്ഛനുണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണമായത്.കേസിൽ വിഷ്ണുവിന്റെ അച്ഛന്റെ സഹോദരി ലൈലയുടെ മകൻ ആദിത്യൻ പ്രധാന സാക്ഷിയായി വിസ്തരിക്കപ്പെട്ടിരുന്നു.സംഭവസമയത്ത് ഏഴ് വയസായിരുന്നു ആദിത്യന്.ഒന്നാം പ്രതി അരുൺ പേട്ട,മെഡിക്കൽ കോളേജ്,വഞ്ചിയൂർ സ്റ്റേഷനുകളിലായി കാപ്പ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ്.പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.144 തൊണ്ടി വസ്തുക്കളും 6 തെളിവ് രേഖകളും കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |