SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

പരിപാലനമില്ലാതെ തകർന്ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയം

3333

നെയ്യാറ്റിൻകര: കായിക പ്രേമികൾക്കായി ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയം പരിപാലനമില്ലാതെ തക‌ർച്ചയുടെ വക്കിൽ. നെയ്യാറ്റിൻകര നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി സ്റ്റേഡിയം നിർമ്മാണത്തിനായി വകയിരുത്തിയ 3.21കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർ പരിരക്ഷയില്ലാതെ തകരുന്നു. സ്റ്റേഡിയത്തിനായി സജ്ജീകരിച്ചിട്ടുള്ള മിനി എയറോബിക് മെഷീൻ, വ്യായാമം ചെയ്യാനായി തയ്യാറാക്കിയിട്ടുള്ള മെഷീനുകൾ എന്നിവയൊക്കെ നശിച്ചു.

സ്റ്റേഡിയത്തിന് സമീപത്തായി ഒഴുകുന്ന മരുത്തൂർ തോട്ടിലേക്ക് ഇവിടെ നിന്നും സമീപത്തെ ടി.ബി ജംഗ്ഷനിലെ പൊതുമാർക്കറ്റിൽ നിന്നും മാലിന്യം ഒഴുകിയെത്തുന്നതായി പരാതിയുണ്ടെങ്കിലും പരിഹാരമായിട്ടില്ല. മാലിന്യം തോട്ടിലൂടെ കുത്തിയൊഴുകുന്നതിനാൽ ഇവിടെയെത്തുന്നവർ മൂക്കുപൊത്തേണ്ട സ്ഥിതിയാണ്.

ഓപ്പൺ ജിംനേഷ്യവും കേടായി

ലക്ഷങ്ങൾ മുടക്കി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള ഓപ്പൺ ജിംനേഷ്യവും കേടായി. സ്ഥിര ഉപയോഗം ഉണ്ടായിരുന്നിട്ടും വാർഷിക അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ ഓപ്പൺ ജിംനേഷ്യവും കുട്ടികൾക്കായുള്ള പാർക്കും തകർന്ന നിലയിലാണ്. തുരുമ്പിച്ച ജിംനേഷ്യത്തിന്റെ ഭാഗങ്ങൾ പലയിടത്തും പ്ളാസ്റ്റിക് കവർ കൊണ്ട് അടച്ച നിലയിലാണ്.

പുലർച്ചെ പ്രഭാത സവാരിക്ക് ഇവിടെയെത്തുന്നവർക്കായി നടപ്പാത സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പാതയുടെ ഇരുവശവും കാടുംപടർപ്പും കയറി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി.

ഓപ്പൺ സിനിമാ തിയേറ്ററും നശിക്കുന്നു

എല്ലാ മാസവും അവസാന ശനിയാഴ്ച ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാനായി പണി കഴിപ്പിച്ച ജെ.സി. ഡാനിയേൽ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയവും നഗരസഭയുടെ പരിഗണന കുറവ് കാരണം അനാഥമായ അവസ്ഥയിലാണ്.

സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുവാനെത്തുന്നവർക്ക് ശുദ്ധജലവിതരണം പ്രാപ്യമാക്കുമെന്ന് മുനിസിപ്പൽ അധികൃതർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടപ്പായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL