
വർക്കല: പുഷ്പക്കൃഷിയിൽ വിജയഗാഥയുമായി ഇടവയിലെ രണ്ട് കൃഷിക്കൂട്ടങ്ങൾ.നട്ടുവളർത്തിയ 5000 ചെണ്ടുമല്ലി തൈകൾ പൂവിട്ടതിന്റെ സന്തോഷത്തിലാണ് ഇവർ.ആയിരം ചെണ്ടുമല്ലിയിൽ തുടങ്ങി അഞ്ചാം വർഷത്തിൽ 5000 ചെണ്ടുമല്ലികളാണ് നട്ടത്.
പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്തായിരുന്നു കൃഷി.വിളവെടുപ്പിന്റെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.സി.ബാബു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു.ജി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ.എസ്,മെമ്പർമാരായ എസ്.മോഹനൻ നായർ,സൽമാൻ ഷാരൂ.ടി.എ,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഹർഷാദ് സാബു,ശുഭ.ആർ.എസ്.കുമാർ,മുൻ മെമ്പർ സിമിലിയ,എം.ജി.എൻ.ആർ.ഇ.ജി.എസ് അസിസ്റ്റന്റ് എൻജിനിയർ ഡെയ്സി വിജയൻ,എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥരായ ഷബ്ബാസ്.എസ്,അംബിക കുമാരി.കെ.ജി,സിനി.ഡി,ഫെഡറൽ ബാങ്ക് ഇടവ ബ്രാഞ്ച് മാനേജർ സ്മിത സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുപുഷ്പം,നന്മ എന്നീ കൃഷിക്കൂട്ടങ്ങളിലെ 16പേർ ചേർന്നാണ് പുഷ്പക്കൃഷി നടത്തിയത്.
കച്ചവടം ഇങ്ങനെ
ക്ഷേത്രങ്ങളിലെ പൂജകൾക്കായി പൂക്കൾ എത്തിക്കാറുണ്ട്.അത്തപ്പൂക്കളം ഒരുക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പൂക്കൾ നൽകുന്നുണ്ട്.പരവൂർ മുൻസിപ്പൽ ചന്തയിലും,വർക്കല മുൻസിപ്പൽ ഓഫീസിന് മുന്നിലും സ്റ്റാൾ ഒരുക്കി പൂക്കൾ വിൽക്കുന്നുണ്ട്.
പൂക്കളിൽ നിന്ന് സോപ്പ് ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.പൂക്കളുടെ വലിപ്പം കുറഞ്ഞ് തുടങ്ങുമ്പോൾ സോപ്പ് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
വർക്കല ബ്ലോക്ക്പഞ്ചായത്തിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിപ്രകാരം രണ്ട് കൃഷിക്കൂട്ടങ്ങൾക്കുമായി 8 ലക്ഷം രൂപ വായ്പ ലഭിച്ചിരുന്നു.ഇതുപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുള്ള പദ്ധതിയിലാണിവർ.ചെറുപുഷ്പം മൂല്യവർദ്ധിത ഉത്പന്ന യൂണിറ്റും,നന്മ മൂല്യ വർദ്ധിത ഉത്പന്ന യൂണിറ്റുമാണ് ലക്ഷ്യം വയ്ക്കുന്നത്
ചേന പുട്ടുപൊടി,ചേമ്പ് പുട്ടുപൊടി,കാരറ്റ്,ചക്ക,ചീനി തുടങ്ങിയവയിൽ നിന്നുള്ള വിഭവങ്ങൾ എന്നിങ്ങനെ 50 ഓളം മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ് വിപണിയിൽ ഇറക്കിയിരിക്കുന്നത്.കൃഷിയിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം ഓണക്കാലത്ത് വീതിച്ചെടുക്കും.ലാഭവിഹിതം ഉപയോഗിച്ച് ഇവർ വർഷാവർഷം വിനോദസഞ്ചാര യാത്രയും നടത്താറുണ്ട്.ബാങ്ക് വായ്പയിൽ ഇനി ഒന്നരലക്ഷം രൂപ മാത്രമാണ് തിരിച്ചടയ്ക്കാനുള്ളത്.ഇടവ കൊച്ചാഴാന്ത വിളയിൽ ജെ.ഹലീമ ബീവിയും,മേലാട്ടുവിള വീട്ടിൽ എസ്.അഞ്ജലിയുമാണ് കൃഷിക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |