
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര -പൂവാർ റോഡിലെ പിരായുംമൂട് ജംഗ്ഷന് സമീപം മരുത്തൂർ തോടിന് കുറുകെയുള്ള മരപ്പാലം അപകടാവസ്ഥയിൽ. വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ പണിത മരത്തിൽ നിർമ്മിച്ച പാലം കാലപ്പഴക്കം കാരണം നീക്കം ചെയ്ത് പകരം കോൺക്രീറ്റ് പാലം പണിതു. ഈ പാലമാണ് ഇപ്പോൾ കൈവരികൾ തകർന്ന് അപകട ഭീഷണി നേരിടുന്നത്. ഈ പാലത്തിന് സമാന്തരമായാണ് കാളിപ്പാറ പദ്ധതിയിൽ നിന്നും നെയ്യാറ്റിൻകര പാറശാല,പൂഴിക്കുന്ന് പ്രദേശത്തേക്ക് ആവശ്യമുള്ള കൂറ്റൻ പൈപ്പ് ലൈൻ കടന്നു പോകുന്നത്.
ശുദ്ധജല വിതരണം തകരാറിലാകും
പിരായുംമൂട് കേട് പാടുകൾ കാരണം മരപ്പാലം തകർന്നാൽ ഇതുവഴി കടന്നു പോകുന്ന 2018ൽ സ്ഥാപിച്ച കാളിപ്പാറ പദ്ധതിയിലെ വിതരണ പൈപ്പുകളേയും ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. തത്കാലം പാലത്തിലെ പൊട്ടിപ്പോയ കൈവരികൾ നന്നാക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പുനർനിർമ്മാണം നടന്നില്ല
പാലം പുതുക്കി പണിയുവാൻ പി.ഡബ്ല്യു.ഡി അധികൃതർ പദ്ധതിയിട്ടെങ്കിലും നടന്നില്ല. തലസ്ഥാനത്ത് നിന്നും നിരവധി ടൂറിസ്റ്റ് ബസുകളും വിനോദ യാത്രികരും പൂവാർ, പൊഴിക്കരയിലേക്കും കടലോരത്തെ സുഖവാസ കേന്ദ്രങ്ങളിലേക്കും മറ്റും പോകുന്നത് ഈ പാലം കടന്നാണ്. വിഴിഞ്ഞം,പൂവാർ, അരുമാനൂർ,കാഞ്ഞിരുംകുളം,പുല്ലുവിള തുടങ്ങിയ പ്രദേശത്തെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രാവാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്.
വെള്ളപ്പൊക്കവും ഭീഷണി
കടുത്ത മഴക്കാലത്ത് മരുത്തൂർ തോട്ടിലെ വെള്ളപ്പൊക്കം പാലത്തിന് ഭീഷണിയാണ്. മാത്രമല്ല കാടുംപടർപ്പും കയറി പാലവും തോടും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോൾ. മഴക്കാല പൂർവ്വ ശുചീകരണത്തിന് നഗരസഭ 42ലക്ഷം രൂപ ചെലവിട്ടെങ്കിലും പാലത്തിന് സമീപം വൃത്തിയാക്കിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |