വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. നിലവിൽ അവധി ദിനങ്ങളിലാണ് തിരക്കേറെയുള്ളത്. കനത്തമഴയും മണ്ണിടിച്ചിലും മൂലം ആഗസ്റ്റ് ഒന്ന് മുതൽ അടച്ചിട്ടിരുന്ന പൊൻമുടി 12നാണ് തുറന്നത്.
ശക്തമായ മഴയിൽ രണ്ടാഴ്ച മുൻപ് പൊൻമുടി മേഖലയിലെ മൂന്നിടങ്ങളിൽ റോഡിലേക്ക് മണ്ണിടിച്ചിലുണ്ടായി ഗതാഗതതടസം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരമാണ് പൊൻമുടി അടച്ചത്. പൊൻമുടി വനമേഖലയിൽ നിന്നും കല്ലാറിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി നദി നിറഞ്ഞൊഴുകിയിരുന്നു. പൊൻമുടി അടഞ്ഞുകിടന്നപ്പോഴും സന്ദർശനാനുമതി ചോദിച്ച് ധാരാളം പേർ വനം വകുപ്പിന്റെ കല്ലാർ ചെക്ക് പോസ്റ്റിലെത്തിയിരുന്നു. വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളായ കല്ലാർ,പേപ്പാറ,ബോണക്കാട്,ചാത്തൻകോട്,താവയ്ക്കൽ, ചീറ്റിപ്പാറ എന്നി ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും ഇവിടങ്ങളിൽ ആയിരങ്ങളാണ് വന്നുപോകുന്നത്.
കനത്ത മഞ്ഞ് വീഴ്ച
പൊൻമുടിയിൽ നിലവിൽ കനത്ത മഞ്ഞ് വീഴ്ചയും മഴയും പെയ്യുന്നുണ്ട്. നിലവിൽ പൊൻമുടി മേഖല സദാ മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്. കാട്ടുമൃഗങ്ങളും പൊൻമുടിയിൽ തമ്പടിച്ചിട്ടുണ്ട്. പൊൻമുടി കല്ലാർ റോഡിലും കാട്ടാന ഭീതിപരത്തുന്നുണ്ട്.
പൊൻമുടി തുറന്നതോടെ വിതുര,കല്ലാർ,പൊൻമുടി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും ഉഷാറായി. ഓണമാകുന്നതോടെ പൊൻമുടിയിൽ സഞ്ചാരികൾ ഒഴുകിയെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |