പകരം ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും നൽകും
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെത്തുന്നു. ഇതിന്റെ നടപടികൾ പൂർത്തിയായതായി മ്യൂസിയം - മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് അറിയിച്ചു. ഒമ്പത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രയെ എത്തിക്കുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നെത്തിച്ച 'സീത' എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് ഇവിടെ സീബ്രകളുടെ സാന്നിദ്ധ്യം ഇല്ലാതായത്. മൂന്നും അഞ്ചും വയസുള്ള സീബ്രകളെയാണ് വൻതാരയിൽ നിന്ന് ഇങ്ങോട്ടേക്കെത്തിക്കുക. പകരം ഇവിടെ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും. മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ സീബ്രകളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുക. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെ അനുഗമിക്കും. ഓണാവധിയിൽ സന്ദർശകർക്ക് സീബ്രകളെ കാണാനുള്ള വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നതെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവിയും സൂപ്രണ്ട് ടി.വി.അനിൽ കുമാറും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |