
നെടുമങ്ങാട്: തിരക്കേറിയ റോഡിൽ പഴകുറ്റി മുതൽ ആനാട് നാഗച്ചേരി വരെ മരാമത്ത് വകുപ്പിന്റെ മണ്ണുമാന്തൽ.ചുള്ളിമാനൂർ മുതൽ നന്ദിയോട് വരെ പൈപ്പിടീലിന്റെ പേരിൽ വാട്ടർ അതോറിട്ടിയുടെ കുത്തിക്കുഴിക്കൽ.ഇരുകൂട്ടരും റോഡ് കൈയടക്കിയിട്ട് മാസങ്ങളായി.സൈഡ് വാൾ നിർമ്മാണത്തിനും കലുങ്കുകളുടെ മെയിന്റനൻസിനും വേണ്ടിയാണ് മരാമത്തുകാരുടെ വെട്ടിപ്പൊളി. നാഗച്ചേരി,പുത്തൻപാലം,തത്തൻകോട് എന്നിവിടങ്ങളിൽ റോഡ് ഭാഗികമായി അടച്ചാണ് കലുങ്ക് പണിയുന്നത്.പുറമ്പോക്ക് കേറിവേണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ.തെങ്കാശി - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിലാണ് പി.ഡബ്ല്യു.ഡിയും വാട്ടർ അതോറിട്ടിയും മത്സരിച്ച് ക്ഷമ പരീക്ഷിക്കുന്നത്.ഓരോ പോയിന്റ് ഇടവിട്ട് ഇരുകൂട്ടരും 'ഗോ സ്ലോവ്" ജാഗ്രത ബോർഡ് നാട്ടിയിട്ടുണ്ട്.
രൂക്ഷമായ പൊടിശല്യവും ശബ്ദമലിനീകരണവും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി.അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സമര രംഗത്തിറങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.എന്നാൽ,മഴ മാറാത്തതാണ് ജോലികൾ ഇഴയാൻ ഇടയായതെന്നാണ് പി.ഡബ്ല്യു.ഡി - വാട്ടർ അതോറിട്ടി നെടുമങ്ങാട് ഡിവിഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
അപകടം പതിവ്
മണിക്കൂറുകൾ നീണ്ട ക്യൂ താണ്ടി വേണം യാത്രക്കാർക്ക് പഴകുറ്റി ജംഗ്‌ഷനിൽ പ്രവേശിക്കാൻ.ഇവിടെ, റോഡാകെ കുണ്ടും കുഴിയുമായിട്ട് ഏറെനാളായി.കൊല്ലങ്കാവ് വേ ബ്രിഡ്ജ് മുതൽ ഭൂതത്താൻ കാവ് നട വരെ നടുവൊടിയാതെ യാത്ര ചെയ്യാനായാൽ ഭാഗ്യം.പാറക്കല്ലുകളും ഗർത്തങ്ങളും നിറഞ്ഞ ഈ ഭാഗത്ത് ടൂവീലറുകൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്.
ഗതാഗതക്കുരുക്കും
ഗതാഗതക്കുരുക്ക് കാരണം സ്കൂൾ വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവാതെ ദുരിതത്തിലാണ്.ആംബുലൻസുകളും വിമാനത്താവളത്തിലേക്കുള്ള സർവീസ് വാഹനങ്ങളും ഉൾപ്പെടെ കുരുക്കിൽപ്പെടുന്നത് പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |