തിരുവനന്തപുരം: ഓൺലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച് ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ ഗുണ്ട പെരുമാതുറ സ്വദേശി സുഹൈലിനെതിരെ (32) കഠിനംകുളം പൊലീസ് കേസെടുത്തു.
ഇന്നലെ വെളുപ്പിന് 4.30ഓടെയാണ് കേസിനാസ്പദമായ സംഭവം. തട്ടിയെടുത്ത കാർ പിന്നീട് വലിയതുറ ഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തി.വെഞ്ഞാറമൂട്ടിലേക്ക് പോകുന്നതിനായി ഊബർ ടാക്സി വിളിച്ച സുഹൈൽ പുതുക്കുറിച്ചി എൽ.പി സ്കൂൾ ജംഗ്ഷനിൽ നിന്ന് ഇയാൾ കാറിൽ കയറുകയും ചെയ്തു. തുടർന്ന് പെരുമാതുറ ജംഗ്ഷനിലെത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് തന്റെ കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റുമായി പുറത്തിറങ്ങിയ പ്രതി,ഡ്രൈവർ സജിമോനെ(48) ബലമായി പുറത്തേക്ക് തള്ളിമാറ്റി കാറുമായി രക്ഷപ്പെടുകയായിരുന്നു.
വാഹനം തട്ടിയെടുത്ത പ്രതി മുതലപ്പൊഴി ഭാഗത്തേക്ക് പോയതായി പരാതിക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. മുതലപ്പൊഴി വഴി വർക്കല ഭാഗത്തേക്ക് പോയ കാർ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വലിയതുറയിൽ നിന്ന് പൊലീസ് കണ്ടെത്തിത്തത്. കഠിനംകുളം സബ് ഇൻസ്പെക്ടർ അനൂപ് എം.എൽ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹൈൽ,കാപ്പാ നിയമപ്രകാരം നാടുകടത്തൽ ശിക്ഷയും തടവും അനുഭവിച്ചിട്ടുണ്ട്.
ഈ സംഭവത്തിന് തൊട്ടുമുമ്പ്,ചൊവ്വാഴ്ച രാത്രി ഇയാൾ മൂന്നുപേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശി ഷറഫുദ്ദീൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ കാർ തട്ടിയെടുത്തത്. പ്രതിക്കായി റൂറൽ പൊലീസ് തെരച്ചിൽ ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |