
അങ്കമാലി: വധശ്രമക്കേസ് പ്രതിയായ തുറവൂർ പുല്ലാനി ചാലാക്ക വിഷ്ണുവിനെ (പുല്ലാനി വിഷ്ണു,35) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. അങ്കമാലി, നെടുമ്പാശേരി, കാലടി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ദേഹോപദ്രവമേൽപ്പിക്കൽ, കവർച്ച, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. ജൂലായ് 28ന് ഇയാളും സംഘവും പുല്ലാനി ഭാഗത്തെ ജാതി തോട്ടത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് സമീപവാസിയായ യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ യുവാവിനെ തുറവൂർ ഉതുപ്പ് കവല ഭാഗത്ത് വച്ച് കാർ തടഞ്ഞുനിറുത്തി മർദ്ദിച്ചു. ഈ സംഭവത്തിൽ യുവാവ് പരാതിയുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിയെന്നറിഞ്ഞ വിഷ്ണു, യുവാവിന്റെ വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തി. ഈ കുറ്റകൃത്യത്തിന് അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നിർദ്ദേശത്തിൽ അങ്കമാലി സബ് ഇൻസ്പെക്ടർമാരായ ടി.ഐ ബാബു, പി.എം റാസിക്ക്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ അനൂപ്, കെ.ആർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.എം. ഷെഫീക്ക്, വി.പി തരുൺ, വി. ഹരികൃഷ്ണൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |