തിരുവനന്തപുരം: ഓണാഘോഷ തിമിർപ്പിന് നാളെ തുടക്കമാകും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷം നിശാഗന്ധിയിൽ നാളെ വൈകിട്ട് 5.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി.വിഷ്ണുനാഥ് അദ്ധ്യക്ഷനാകും.
ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായെത്തും.മന്ത്രിമാരായ കെ.മുരളീധരൻ,മന്ത്രി സി.പി.ജോൺ,പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,മേയർ വി.വി.രാജേഷ്,ഡോ.ശശി തരൂർ എം.പി തുടങ്ങിയവർ പങ്കെടുക്കും.
ചലച്ചിത്രതാരം ശോഭനയുടെ നൃത്താവിഷ്‌കാരത്തോടെ കലാപരിപാടികൾക്കും തുടക്കമാകും.30 വരെ നടക്കുന്ന ഓണം വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിൽ 340ലേറെ കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്.3,000 ത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും.
25 മുതൽ 30വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9വരെ വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും. മുടിയേറ്റ്,തോൽപ്പാവക്കൂത്ത്,പടയണി,അർജുന നൃത്തം,പൂതനും തിറയും,സംസ്‌കാര സാഹിതിയുടെ ഫോക്ക്‌ലോർ ഫ്യൂഷൻ എന്നിവയാണ് നിശാഗന്ധിയിൽ അവതരിപ്പിക്കുന്ന പ്രധാന പരിപാടികൾ.
കനകക്കുന്നിലെ സോപാനം,നാട്ടരങ്ങ് എന്നീ വേദികളിലും നാടൻ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
കോവളം ഉൾപ്പെടെ തലസ്ഥാനത്തെ മറ്റ് വേദികളിലും വിവിധ ജില്ലകളിലെ ഡി.ടി.പി.സികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലും നിരവധി നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും.
ഓണാഘോഷത്തിന് കൂടുതൽ വൈവിദ്ധ്യവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കേരളകൗമുദി ഉൾപ്പെടെ 14 പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങൾ സർക്കാരുമായി സഹകരിക്കുന്നുണ്ട്. നിശാഗന്ധി,സെൻട്രൽ സ്റ്റേഡിയം,പൂജപ്പുര എന്നിവിടങ്ങളിലായി പ്രമുഖ കലാകാരന്മാരെ അണിനിരത്തി വിവിധ പരിപാടികളാണ് മാദ്ധ്യമ സ്ഥാപനങ്ങൾ ഒരുക്കുന്നത്.
ഉണ്ണി മേനോൻ,ഹരിശങ്കർ,അനൂപ് ശങ്കർ,വിനീത് ശ്രീനിവാസൻ,ഹരീഷ് ശിവരാമകൃഷ്ണൻ,സൂരജ് സന്തോഷ്,നിത്യ മാമൻ,മധു ബാലകൃഷ്ണൻ,അരവിന്ദ് വേണുഗോപാൽ,മഞ്ജരി,വൈക്കം വിജയലക്ഷ്മി,അഭയ ഹിരൺമയി,സച്ചിൻ വാര്യർ തുടങ്ങിയ പ്രമുഖ ഗായകരും സംഗീതജ്ഞരും വിവിധ പരിപാടികളിൽ പങ്കെടുക്കും.കൂടാതെ, കൈതപ്രം ദാമോദരൻ നമ്പൂതിരി,വയലാർ ശരത്ചന്ദ്ര വർമ്മ,കാവാലം ശ്രീകുമാർ എന്നിവർക്കൊപ്പം നിരവധി പ്രമുഖ കലാകാരന്മാരും ഓണാഘോഷത്തിന്റെ ഭാഗമാകും.
കേരളത്തിന്റെ കലാപൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന ലൈവ് സെഷനുകൾ കനകക്കുന്നിലുണ്ടാകും.
സമാപന ദിനത്തിൽ സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്ര,5ന് മാനവീയം വീഥിയിൽ നിന്നാരംഭിച്ച് കിഴക്കേകോട്ടയിൽ സമാപിക്കും.വാരാഘോഷത്തിന്റെ സമാപന ദിവസം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |