
ബാലരാമപുരം: ഓണം വാരാഘോഷത്തിൽ ഇന്ന് നടക്കുന്ന സമാപനഘോഷയാത്രയിൽ കാഴ്ച്ചക്കാർക്ക് ദൃശ്യവിരുന്നാകുന്നത് ഇക്കുറിയും ജിനൻ-ബിനു ഹരിദാസ് ജോടികൾ അണിയിച്ചൊരുക്കുന്ന ഫ്ലോട്ടുകളാണ്. ഓണം വാരാഘോഷത്തിൽ എല്ലാവർഷവും ജിനൻ-ബിനു ഹരിദാസ് ഒരുക്കുന്ന ഫ്ലോട്ടുകൾക്കാണ് പുരസ്കാരം ലഭിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കേരളത്തിന്റെ വികസനസാദ്ധ്യതയും മുൻനിർത്തി അണിയിച്ചൊരുക്കുന്ന ഫ്ലോട്ടാണ് സമാപനഘോഷയാത്രയിൽ ശ്രദ്ധയാകർഷിക്കുന്നത്.
ഇക്കുറി വിവിധ സർക്കാർ വകുപ്പുകളുടെ നാല് ഫ്ലോട്ടുകളാണ് ഒരുക്കുന്നത്. 2017ൽ സർക്കാർ വകുപ്പുകൾക്കായി ഒരുക്കിയ 12ഫ്ലോട്ടുകളിൽ നിരവധി അവാർഡും സർക്കാരിൽ നിന്നും ലഭിച്ചു. ടൂറിസം വകുപ്പിന്റെ കേരള ടൂറിസം പുതുയുഗത്തിലൂടെ സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്റെ കരുതലും പ്രകൃതിയുടെ സംരക്ഷണവും, കെ.ടി.ഡി.സിയുടെ കായൽപരപ്പിലെ ഹരിത സങ്കേതം (കുമരകം പക്ഷി സങ്കേതം), മ്യൂസിയം മൃഗശാല വകുപ്പിന്റെ പുതുയുഗ കേരളത്തിൽ പുത്തൻ പ്രതീക്ഷയോടെ പുതുപ്പിറവികൾ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖ കേരളം പുതുയുഗ ജീവിതം എന്നിങ്ങനെ സർക്കാർ വകുപ്പിന്റെ വൈവിദ്ധ്യമാർന്ന ഫ്ലോട്ടുകളാണ് ഒരുക്കുന്നത്.
ഇരുപതോളം കലാകാരൻമാരുടെ നേതൃത്വത്തിൽ തേമ്പാമുട്ടം ഷാഡോ സ്റ്റുഡിയോയിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിലാണ് ഫ്ലോട്ടുകൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി ഓണം ഘോഷയാത്രയിൽ കാഴ്ച്ചക്കാർക്ക് കൗതുകവും വിസ്മയകാഴ്ച്ചയൊരുക്കുന്നത് ജിനൻ -ബിനു ഹരിദാസ് ടീമിന്റെ മത്സരഫ്ലോട്ടുകളാണ്. ദേശീയ വ്യാപാരമേളകളിൽ ഇവർ ഒരുക്കിയ ഫ്ലോട്ടുകൾക്ക് 12 സ്വർണമെഡലുകളും 8സിൽവറും 3ബ്രോൺസ് മെഡലുകളും നിരവധി സർക്കാർ-കേന്ദ്രസർക്കാർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മുപ്പതോളം കലാകാരൻമാരാണ് ഫ്ലോട്ട് നിർമ്മിതിക്കായി ജിനൻ-ബിനു ഹരിദാസ് ടീമിനൊപ്പമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |