
പൂവാർ: കോവളം കാരോട് ബൈപ്പാസ് റോഡിൽ അനധികൃത പാർക്കിംഗ് കാരണം അപകടങ്ങൾ പതിവാകുന്നു. കാഞ്ഞിരംകുളം കൈവൻവിളയ്ക്കും തിരുപുറം പൃറുത്തിവിളയ്ക്കും ഇടയിലാണ് അനധികൃത പാർക്കിംഗ് വ്യാപകമായിരിക്കുന്നുത്. പൊലീസ് സ്ഥാപിച്ചിട്ടുള്ള നോ പാർക്കിംഗ് ബോർഡുകളെ അപ്രസക്തമാക്കിയാണ് വാഹനങ്ങളുടെ പാർക്കിംഗ്.
അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വലിയ വാഹനങ്ങളാണ് നിയമം തെറ്റിച്ചു പാർക്കിംഗ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. റോഡിൽ സ്ട്രീറ്റ് ലൈറ്റും സിഗ്നൽ ലൈറ്റും സ്ഥാപിക്കാത്തതും അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നു.
16 കിലോമീറ്റർ മാത്രം ദൂരമുള്ള റോഡ്, അപകടക്കെണിയായിട്ടും ബൈപ്പാസ് അതോറിട്ടിക്കോ, എൽ.എൻ.ടി കമ്പനിക്കോ കുലുക്കമില്ല. പൂർണമായും കോൺക്രീറ്റ് റോഡായതിനാൽ നിർമ്മാണത്തിലെ അപാകതയും പൂർത്തീകരിക്കാത്ത സിഗ്നൽ സംവിധാനങ്ങളും തെറ്റായി സ്ഥാപിച്ചിട്ടുള്ള ദിശാ സൂചനാ ബോർഡുകളും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു.
മേജർ സിഗ്നൽ ജംഗ്ഷനുകൾ സ്ഥാപിക്കണം
തിരുപുറം പുറുത്തിവിളയിലും കാഞ്ഞിരംകുളം കൈവൻവിളയിലും മേജർ സിഗ്നൽ ജംഗ്ഷനുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. നാഷണൽ ഹൈവേ അതോറിട്ടിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ് 2സിഗ്നൽ ജംഗ്ഷനുകളും.
നാലുവരിപ്പാതയും സർവ്വീസ് റോഡുകളുമടക്കം 45മീറ്റർ വീതിയിലാണ് ബൈപ്പാസ് റോഡ്.
കോവളം മുതൽ കാരോട് വരെയുള്ള 16.2കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്.
തെറ്റായ സൂചനാബോർഡുകൾ
ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചനാബോർഡുകളിൽ പലതും തെറ്റാണ്. കിലോമീറ്ററുകളോളം സഞ്ചരിച്ച ശേഷമാണ് ശരിയായ സ്ഥലം കണ്ടെത്തുന്നത്. ബോർഡുകളിലെ തെറ്റായ വിവരങ്ങൾ തിരുത്താൻ അധികൃതർ തയാറായിട്ടില്ല.
ബൈപ്പാസ് റോഡിൽ തിരക്കേറും
കോവളം-കാരോട് കോൺക്രീറ്റ് റോഡ് പൂർത്തിയായതോടെ 43കിലോമീറ്റർ ബൈപ്പാസ് പൂർണമായും തുറക്കപ്പെട്ടു. അതോടെ കന്യാകുമാരി എക്സ്പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനം ബന്ധിപ്പിക്കപ്പെട്ടു. കാരോട് നിന്നും തമിഴ്നാട്ടിലെ ചുങ്കാൻകടയിലേക്കാണ് ഈ റോഡ് കടന്നുപോകുന്നത്. ദേശീയപാതയുടെ ഭാഗമായി തോവാള വരെ പോകുന്ന റോഡ് കന്യാകുമാരി, തിരുനെൽവേലി ഭാഗങ്ങളിലായി രണ്ടായി പിരിയും. ഇവിടെയുള്ള റോഡുകളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡിൽ പതിന്മടങ്ങ് തിരക്കേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |