
പാറശാല: പേവിഷബാധയുള്ള തെരുവുനായയുടെ ആക്രമണത്തിൽ പാറശാല ടൗണിലും പരിസര പ്രദേശങ്ങളിലുമായി ആറോളം പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പാറശാല ശ്രീമഹാദേവർ ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരിയായ മുരിയങ്കര വലിയതോട്ടം പുരയിടത്തിൽ സെൽവി ക്ഷേത്രത്തിലേക്ക് വരുമ്പോൾ പാറശാല ഗാന്ധിപാർക്കിന് സമീപത്തെ ടെമ്പിളിൽവെച്ച് പട്ടികടിച്ചു. നിരവധി തവണ കടിയേറ്റതിനാൽ നാട്ടുകാർ ചേർന്ന് സെൽവിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ സ്റ്റാൻഡിൽ നിന്നിരുന്ന ഡ്രൈവർമാരായ ജസ്റ്റിൻ, ബിനു എന്നിവരെയും ഒരു സ്‌കൂൾ വിദ്യാർത്ഥിയെയും മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെനെയും ഉൾപ്പെടെ ആറോളം പേരെ തെരുവുനായ് കടിച്ച് മുറിവേൽപ്പിച്ചു.പേവിഷബാധയുള്ള തെരുവുനായ മറ്റ് പ്രദേശത്തെ നിരവധി നായ്ക്കളെയും കടിച്ചതായാണ് നാട്ടുകാർ പറയുന്നത്.
സംഭവം അറിഞ്ഞെത്തിയ പാറശാല ഗ്രാമപഞ്ചായത്ത് അധികൃതർ കൊല്ലിയോടുള്ള വെറ്ററിനറി അധികൃതരെ അറിയിച്ച് അടിയന്തര നടപടികൾ സ്വീകരിച്ചു.വെറ്ററിനറി എൽ.ഐയുടെ വിദഗ്ദ്ധസംഘം സ്ഥലത്തെത്തി പ്രദേശത്തെ നിരവധി തെരുവ് നായ്ക്കളെ കണ്ടെത്തി പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പ് നൽകി.
കഴിഞ്ഞ ദിവസം രാത്രിയിൽ പുറത്തുനിന്നും വാഹനങ്ങളിലെത്തിച്ച തെരുനായകളെ മുറിയാത്തോട്ടം ഭാഗത്ത് ഇറക്കിവിട്ടെന്ന് സ്ഥലവാസികൾ പറയുന്നു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം നായയുടെ കടിയേറ്റവർക്ക് വേണ്ടത്ര ചികിത്സനൽകി മുൻകരുതലുകൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |