തിരുവനന്തപുരം: ജില്ലാ കമ്മിറ്റിയിലേയ്ക്ക് 10 പേരെ ക്ഷണിതാക്കളാക്കാൻ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലാ സെക്രട്ടേറിയറ്റിൽ മാറ്റം വേണ്ടെന്നും അടുത്ത സമ്മേളനം വരെ നിലവിലുള്ള സെക്രട്ടേറിയറ്റ് തുടരാനും തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി വി.ജോയി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4 ഏരിയാസെക്രട്ടറിമാർ,വർഗബഹുജന സംഘടനാ പ്രതിനിധികൾ എന്നിവരെയാണ് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയത്.പാറശാല ഏരിയാ സെക്രട്ടറി എസ്.അജയകുമാർ,നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ, വെഞ്ഞാറമൂട് എരിയാ സെക്രട്ടറി ഇ.എ.സലീം,ചാല ഏരിയാ സെക്രട്ടറി എസ്.ജയിൽകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.എസ്.ശ്യാമ,ജില്ലാ സെക്രട്ടറി എൽ.എസ്. ലിജു, ഹിളാ അസോസിയേഷൻ ജില്ലാപ്രസിഡന്റ് എൽ.ശകുന്തളാദേവി,ആദിവാസിവിഭാഗത്തിന്റെ പ്രതിനിധിയായി എ.കെ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എൽ കിഷോർ,ന്യൂനപക്ഷ കമീഷൻ ചെയർമാനായിരുന്നതിനാൽ കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ എ.എ. റഷീദ്,ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി (സി.ഐ.ടി.യു) എൻ. സുന്ദരംപിള്ള എന്നിവരെയാണ് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിലവിലുള്ള ജില്ലാ സെക്രട്ടറിയേറ്റ് മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.മറ്റു ജില്ലകളിൽ വലിയ പരാജയം നേരിട്ടിട്ടും തിരുവനന്തപുരത്ത് 5 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞു.കോർപ്പറേഷൻ ഒഴികെ മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ബഹുജന റാലി 14ന്
സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി 14ന് അമ്പതിനായിരംപേരെ പങ്കെടുപ്പിച്ച് പൊതുസമ്മേളനവും റാലിയും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി വി.ജോയി അറിയിച്ചു. പുത്തരിക്കണ്ടത്താണ് പൊതുയോഗം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |