തിരുവനന്തപുരം: ബുധനാഴ്ച രാത്രി തലസ്ഥാനത്തുണ്ടായ സംഘർഷം തുടങ്ങിയത് യൂത്ത് കോൺഗ്രസ് പ്രകടനത്തിനു നേരേ എസ്.എഫ്.ഐക്കാർ കൂക്കുവിളി നടത്തിയതോടെയാണെന്ന് പൊലീസ് റിപ്പോർട്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയിലെ പന്തം കത്തിയതോടെ ഇരുകൂട്ടരും പരസ്പരം കൂക്കി വിളിച്ചു. പിന്നാലെ കുപ്പിയേറും പന്തമേറുമുണ്ടായി. ഹോസ്റ്റലിൽ നിന്ന് കല്ലുകളും വടിയും കുപ്പികളും പൊലീസിനും യൂത്ത് കോൺഗ്രസുകാർക്കും നേരെ നിരന്തരം വലിച്ചെറിഞ്ഞു. ഇതെടുത്ത് യൂത്ത് കോൺഗ്രസുകാർ തിരിച്ചുമെറിഞ്ഞു. ഇതിനിടെ നൈറ്റ് മാർച്ചിന് പന്തം കൊളുത്താൻ കൂട്ടിയ തീ ആളിപ്പടരുകയും ചെയ്തു. നിസാര കാര്യമാണ് വലിയ സംഘർഷത്തിലേക്ക് വളർന്നതെന്ന് സിറ്റി പൊലീസിലെ ഉന്നതഉദ്യോഗസ്ഥൻ പറഞ്ഞു. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കുണ്ട്.
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറിയുള്ള ലാത്തിച്ചാർജ്ജ് അക്രമം നടത്തിയ വിദ്യാർത്ഥികളെ അകത്തുകയറ്റാൻ ഗത്യന്തരമില്ലാതെ നടത്തിയതാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. കുപ്പിയും കല്ലും വലിച്ചെറിഞ്ഞ വിദ്യാർത്ഥികളെ ലാത്തിവീശിയാണ് ഹോസ്റ്റലിൽ കയറ്റി ഗേറ്റ് പൂട്ടിയത്. അതിനുശേഷം കല്ലേറുണ്ടായിട്ടില്ല. അക്രമങ്ങൾ അമർച്ച ചെയ്യാൻ ഏറ്റവും ചുരുങ്ങിയ നടപടികളാണുണ്ടായത്. പരിക്കേറ്റവർക്ക് ചികിത്സ നൽകിയില്ലെന്ന ആരോപണവും പൊലീസ് നിഷേധിച്ചു. 9പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരാരും ഇപ്പോൾ ചികിത്സയിലില്ല. എസ്.എഫ്.ഐക്കാരെ തിരഞ്ഞുപിടിച്ച് ലാത്തിക്കടിച്ചെന്ന ആരോപണവും പൊലീസ് തള്ളി. പാളയത്ത് യൂത്ത് കോൺഗ്രസുകാർക്കെതിരെയും ലാത്തിച്ചാർജ് നടത്തിയിരുന്നു. അനാവശ്യമായി സേനയെ ഉപയോഗിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ നടപടിയല്ലായിരുന്നെന്നും പൊലീസ് നേതൃത്വം വ്യക്തമാക്കി.
കന്റോൺമെന്റ് സി.ഐയുടെയും എസ്.ഐയുടെയും ചിത്രങ്ങൾ സഹിതം സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം ഗൗരവമായി കാണുമെന്നും നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു. ഇവർക്കെതിരേ പരാതിയുണ്ടെങ്കിൽ അന്വേഷിക്കാം. പൊലീസ് അതിക്രമം കാട്ടിയില്ലെന്ന് തെളിയിക്കാനുള്ള വീഡിയോ കൈവശമുണ്ട്. പരാതിയുള്ളവർക്ക് പരിശോധിക്കാമെന്നും സിറ്റി പൊലീസ് വ്യക്തമാക്കി.
നേതാക്കളടക്കം പ്രതികൾ,
അറസ്റ്ര് ഇന്നുമുതൽ
എസ്.എഫ്.ഐയുടെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന നേതാക്കളെയടക്കം പ്രതികളാക്കിയാണ് കേസെടുത്തത്. ഇന്നുമുതൽ പ്രതികളെ അറസ്റ്ര് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഡി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണം ബി.ജെ.പി സൗത്ത് ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഒരാളെ പിടികൂടിയിട്ടുണ്ട്. അഞ്ച് പേരടങ്ങുന്ന സംഘം സ്റ്റെഫിന്റെ കാറിലും സ്കൂട്ടറിലുമായി കരമനയിലെത്തി. തുടർന്ന് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രദീപും ശ്രീലാലും സ്കൂട്ടറിൽ ഡി.സി.സി ഓഫീസിലെത്തി കല്ലെറിഞ്ഞു. പിന്നീട് സംഘം കാറിലും സ്കൂട്ടറിലുമായി കരമനയിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. ആറാലുംമൂട് സ്വദേശി അഖിലിനെയാണ് പിടികൂടിയത്. കൂടുതൽ ആക്രമണങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ തലസ്ഥാനത്തെ വിവിധ പാർട്ടി ഓഫീസുകളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |