
ആറ്റിങ്ങൽ: മഴയും നീരോഴുക്കും കുറഞ്ഞിട്ടും വാമനപുരം നദിയിൽ ചെക്ക്ഡാം നിർമ്മാണം ഇനിയും പുനഃരാരംഭിച്ചിട്ടില്ല. വാമനപുരം നദിയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നതിനും വേനൽക്കാലത്ത് വെള്ളം സംഭരിക്കുന്നതിനും വേണ്ടിയാണ് കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മിച്ചത്. അത് മുടങ്ങിയിട്ട്തന്നെ ഒന്നര വർഷം കഴിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ ജോലിക്കായെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ക്യാമ്പ് വിട്ടു. ഒന്നാം ഘട്ടമായി നാനൂറു മീറ്റർ ദൂരത്തിൽ നദിയുടെ ഇരുകരകളിലും പാർശ്വഭിത്തി നിർമ്മിക്കുന്നതിനുവേണ്ടി തെങ്ങിൻ തടികൊണ്ട് താത്കാലിക ബണ്ട് നിർമ്മിച്ച ശേഷമാണ് പണികൾ നിറുത്തിവച്ചത്. ഒരു വർഷം കഴിഞ്ഞതോടെ അതും അപകടാവസ്ഥയി. 45 കോടി രൂപയാണ് നിർമ്മാണച്ചെലവ്. മൂന്ന് ഘട്ടമായി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. പാർശ്വഭിത്തിക്കായി നദിയിൽ തെങ്ങിൻതടികൾ കുഴിച്ചിട്ട ശേഷം ഓലകൊണ്ട് മൂടി മണ്ണിട്ടു. അതിനുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. കാലാവസ്ഥ,നദിയിലെ നീരോഴുക്ക് തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമ്മാണപ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ നദിയിൽ കുഴിച്ചിട്ട തെങ്ങിൻതടികളെല്ലാം നിർമ്മാണം നിലച്ചതോടെ വെള്ളം നനഞ്ഞു നശിച്ചുതുടങ്ങി.
ഏക ആശ്രയം
വാമനപുരംനദി കേന്ദ്രീകരിച്ച് ജില്ലയിലെ പകുതിയോളം പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. വേനൽക്കാലത്ത് നീരോഴുക്ക് നിലച്ച് നദിയുടെ അടിത്തട്ട് കാണുന്നതും പതിവാണ്. ചിറയിൻകീഴ്,വർക്കല താലൂക്കുകളിൽ മാത്രം മൂന്നര ലക്ഷത്തിലധികം ഗാർഹിക,ഗാർഹികേതര വാട്ടർ കണക്ഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ആറ്റിങ്ങൽ മേഖല കേന്ദ്രീകരിച്ച് വാമനപുരം നദിയിൽ ഒരു ഡസനിലധികം ശുദ്ധജല പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.
വെള്ളം കിട്ടാക്കനി
പത്തിലധികം തീരദേശ പഞ്ചായത്തുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. വേനലായാൽ കുടിവെള്ള വിതരണവും മുടങ്ങും.കൂടാതെ വേനൽക്കാലത്ത് കടലിൽ നിന്ന് ഉപ്പുവെള്ളവും കയറും. ഇത് പരിഹരിക്കാനായി പൂവമ്പാറ പാലത്തിന് സമീപം 17 വർഷം മുമ്പ് സ്ഥിരം തടയണ നിർമ്മിച്ചിരുന്നു. ഇതുകൊണ്ട് ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിഞ്ഞെങ്കിലും നദിയിലെ നീരോഴുക്ക് തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ല. ഇതിന് പരിഹാരമായിട്ടാണ് കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മിക്കാൻ തീരുമാനിച്ചത്. അതിപ്പോൾ നിർമ്മാണമാരാംഭിക്കാതെ ഉപേക്ഷിച്ച നിലയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |