
വെള്ളറട: സന്ധ്യയായാൽ വെള്ളറട ടൗൺ ഇരുട്ടിലാകുന്ന സ്ഥിതിയാണ്. ടൗണിൽ സ്ഥാപിച്ചിരുന്ന ഹൈമാസ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. 5ലൈറ്റുകൾ സ്ഥാപിച്ച പോസ്റ്റിലെ ഒരു ലൈറ്റുപോലും പ്രകാശിക്കുന്നില്ല. സമീപത്തെ മറ്റു പോസ്റ്റുകളിലും വെളിച്ചം ലഭിക്കുന്നതിനാവശ്യമായ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. നിരവധി പേർ തടിച്ചുകൂടുന്ന മലയോര മേഖലയിലെ പ്രധാന ടൗണാണ് വെള്ളറട.
ഏകദേശം 20 വർഷങ്ങൾക്ക് മുൻപാണ് വെള്ളറട ടൗണിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. മെയിന്റെനൻസ് ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ലൈറ്ര് കേടാകുന്നതായും പരാതികളുയരുന്നുണ്ട്.
കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് കയറി പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന ലൈറ്റും പ്രകാശിക്കാതെ ആയതോടുകൂടിയാണ് പ്രദേശം പൂർണമായും ഇരുട്ടിലായത്.
നടപടി അനിവാര്യം
നേരത്തേ ഗ്രാമപഞ്ചായത്ത് അധികൃതർ ലൈറ്റ് നന്നാക്കാത്തതിനെ തുടർന്ന് വ്യാപാരികളും നാട്ടുകാരും പണപിരിവ് നടത്തി ലൈറ്റുകൾ നന്നാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. നാല് വാർഡുകൾ സംഗമിക്കുന്ന ജംഗ്ഷനായിട്ടും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
ചൂണ്ടിക്കൽ ജംഗ്ഷനിലുള്ള ലൈറ്റിൽ നിലവിൽ രണ്ടെണ്ണം മാത്രമാണ് പ്രകാശിക്കുന്നത്. ആനപ്പാറയിലും ആറാട്ടുകുഴിയിലും ഭാഗീകമായാണ് ലൈറ്റുകൾ കത്തുന്നത്.
എന്നാൽ ഗ്രാമപഞ്ചായത്ത് ലൈറ്റുകൾ മെയിന്റൻസ് ചെയ്യുന്നതിന് കരാർ നൽകിയിട്ടുണ്ടെന്നും ജംഗ്ഷനിലെ ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. ടൗണിൽ സ്ഥിരമായി വെളിച്ചം ലഭിക്കുന്നതിനാവശ്യമായ സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |