
വിതുര: വിതുര പഞ്ചായത്തിലെ മേമല, മാങ്കാല വാർഡുകളുടെ പരിധിയിൽപെടുന്ന മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ മേമല മേഖയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷികൾ മുഴുവൻ നശിപ്പിച്ചു. നാട്ടുകാർ തുരത്തി വിടുവാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങിയില്ല. രാത്രി മുഴുവൻ മേഖലയിൽ ഭീതിപരത്തി വിഹരിക്കുകയായിരുന്നു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കാട്ടിൽ നിന്നും വളരെ പെട്ടെന്ന് ജനവാസമേഖലകളിലേക്കിറങ്ങുകയാണ് പതിവ്. വനപാലകർക്ക് അനവധി തവണ പരാതികൾ നൽകിയിട്ടുണ്ട്. ആനക്കിടങ്ങും, വൈദ്യുതവേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പകൽസമയത്തുപേലും മേമല പേപ്പാറ റോഡിൽ കാട്ടാനകളിറങ്ങുന്നുണ്ട്.
കാട്ടാനക്ക് പുറമേ മേഖലയിൽ കാട്ടുപോത്തുകളുടെയും പുലിയുടെയും ശല്യവുമുണ്ട്. നേരത്തേ തീറ്റതേടിയെത്തിയ കാട്ടുപോത്ത് മാങ്കാലയിൽ കിണറ്റിൽ അകപ്പെട്ടിരുന്നു. വനപാലകർ കാട്ടുപോത്തിനെ പുറത്തെടുത്ത് ചികിത്സ നൽകിയെങ്കിലും ചത്തു.
കാട്ടാനശല്യം രൂക്ഷമായ മേഖലകൾ
പേപ്പാറ,പൊടിയക്കാല,കുട്ടപ്പാറ,കല്ലാർ,പൊൻമുടി,ആറാനക്കുഴി,ആനപ്പാറ മൊട്ടമൂട്,അല്ലത്താര, കൊമ്പ്രാംകല്ല്,ചണ്ണനിരവട്ടം,ചാമക്കാല, മണലി,തലത്തൂതക്കാവ്,കല്ലൻകുടി,മണിതൂക്കി,ജഴ്സിഫാം, ബോണക്കാട്,ചാത്തൻകോട്, ചെമ്മാംകാല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |