SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

പാലോട് സർക്കാർ ആശുപത്രിയിൽ പരാധീനതകൾ മാത്രം

photo-1

പാലോട്: ഗ്രാമീണ മേഖലയിലെ നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ പൂർണമായും പനവൂർ,പാങ്ങോട്,വിതുര പഞ്ചായത്തുകളിലെ ആളുകൾ ഭാഗികമായും ആശ്രയിക്കുന്ന ആശുപത്രിയാണ് പാലോട്ടേത്. ഇവിടെ ഡോക്ടർമാരുടെ കുറവിന് പരിഹാരമായിട്ടുണ്ടെങ്കിലും ചില ദിവസങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. നഴ്സിംഗ് സൂപ്രണ്ടുമാർ രണ്ടുപേരുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഒരാളെ എത്താറുള്ളു. ഡി അഡിക്ഷൻ യൂണിറ്റ്,പാലിയേറ്റിവ് കെട്ടിടം,​ കുട്ടികളുടെ ചികിത്സാ വിഭാഗം,പുരുഷൻമാരുടെ വാർഡ്,അടിസ്ഥാന സൗകര്യം എന്നിവയുടെ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും കോടികൾ ചെലവഴിച്ച് പൂർത്തിയാക്കിയെങ്കിലും പൊതുജനങ്ങൾക്ക് ഇതിന്റെ ഗുണം നാളിതുവരെയും ലഭ്യമല്ല. ഡി അഡിക്ഷൻ യൂണിറ്റും പാലിയേറ്റീവ് കെയർ യൂണിറ്റും പ്രവർത്തന സജ്ജമായെങ്കിലും ഡോക്ടർമാരുടെയും മറ്റ് ടെക്നീഷ്യൻമാരുടെയും കുറവുള്ളതിനാൽ പ്രവർത്തനം പൂർണ തോതിലായിട്ടില്ല. മുൻ സർക്കാരിന്റെ കാലത്ത് ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്ന് രണ്ട് കോടിയോളം ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ ആശുപത്രിയാണ് പാലോട്ടേത്. എക്സറേ യൂണിറ്റ്,മെഡിക്കൽ ലാബ് എന്നിവ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

 കാടുകയറിയ ഐസലേഷൻ

ഓരോ മണ്ഡലത്തിലും എന്നതുപോലെ രണ്ടു കോടി ചെലവിൽ കിഫ് ബി മുഖേന ആരംഭിച്ച ഐസലേഷൻ വാർഡ് നിർമ്മാണം പാലോട് ആശുപത്രിയിൽ നിലച്ച മട്ടിലാണ്. ഈ കെട്ടിടം നിർമ്മാണത്തിനായി ലക്ഷക്കണക്കിന് രൂപയുടെ വലുതും ചെറുതുമായ നിരവധി മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. തൃശൂർ ആസ്ഥാനമായുള്ള ഡിസ്ട്രിക്റ്റ് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

ആശുപത്രി വികസനത്തിന് തുക അനുവദിച്ചെങ്കിലും ഇതുവരെ പ്രവർത്തനം ഒന്നുമായില്ല. ഡ്രൈനേജ് നിർമ്മാണത്തിനായി ടെന്റർ പൂർത്തിയായെങ്കിലും നാളിതുവരെ ഒന്നും നടന്നില്ല. ദിവസ വേതനാടിസ്ഥാനത്തിൽ നടന്ന നിയമനങ്ങളിൽ അഴിമതിയാരോപണവും ഉയരുന്നുണ്ട്. ഇതിനെതിരെ മന്ത്രിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ഒ.പി കൗണ്ടറിൽ മണിക്കൂറുകൾ നിന്നാൽ മാത്രമേ ഒ.പി ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ആക്ഷേപമുണ്ട്.

മരങ്ങളും മുറിച്ചു

മാസങ്ങൾക്ക് മുമ്പ് ആശുപത്രി വളപ്പിൽ നിന്ന മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. യാതൊരു അനുമതിയുമില്ലാതെ നടന്ന മരംമുറിയിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്നാണ് ആരോപണം. മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ കെട്ടിടത്തിന്റെ ഷീറ്റുകൾക്ക് കേടുപാടു പറ്റിയിരുന്നു. ഇതും നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മുറിച്ചുമാറ്റിയ മരങ്ങളുടെ ശിഖരങ്ങൾ ഇപ്പോഴും ആശുപത്രി വളപ്പിൽ കൂട്ടിയിട്ടിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL