നാഗർകോവിൽ: ഈ വർഷത്തെ നവരാത്രി ഘോഷയാത്ര 9ന് രാവിലെ 8ന് പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ആരംഭിക്കും. നവരാത്രി ഘോഷയാത്രയിൽ തേവാരക്കെട്ടു സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക നാളെ രാവിലെ 9ന് പുറപ്പെടും.
രാവിലെ പ്രത്യേക പൂജകൾക്കുശേഷം പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയാൻ ക്ഷേത്രത്തിലെ രഥവീഥികൾ വലംവച്ച് പദ്മനാഭപുരത്തേക്ക് തിരിക്കും. 9ന് രാവിലെ മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരക്കെട്ട് ക്ഷേത്രത്തിന് മുന്നിലെത്തും. രാവിലെ 8ന് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിലാണ് ഉടവാൾ കൈമാറ്റച്ചടങ്ങ് നടക്കുക. തുടർന്ന് പാരമ്പര്യ ചടങ്ങുകളോടെ നവരാത്രി ഘോഷയാത്രക്ക് തുടക്കമാകും. ഉടവാൾ കൈമാറ്റച്ചടങ്ങിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ,എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, എം.വിൻസെന്റ്,തമിഴ്നാട് ടൂറിസം മന്ത്രി രാജേഷ് കുമാർ,ജില്ലാ കളക്ടർ പ്രതാബ്,ജില്ലാ പൊലീസ് മേധാവി അൻശുൽ നാഗർ തുടങ്ങിയവർ പങ്കെടുക്കും.
നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കന്യാകുമാരി ജില്ലാ പൊലീസ് മേധാവി അൻശുൽ നാഗറിന്റെ നേതൃത്വത്തിൽ കേരള - തമിഴ്നാട് പൊലീസ് സേനയുടെ 500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാക്കായി നിയോഗിച്ചിട്ടുണ്ട്. പദ്മനാഭപുരത്ത് നിന്ന് തിരിക്കുന്ന ഘോഷയാത്ര കേരളപുരം,മാർത്താണ്ഡം വഴി രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെത്തും. കുഴിത്തുറയിൽ നിന്ന് 10ന് രാവിലെ പുറപ്പെടുന്ന ഘോഷയാത്രയ്‌ക്ക് 12ന് കേരള തമിഴ്നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ കേരള സർക്കാരിന്റെ പ്രതിനിധികൾ സ്വീകരണം നൽകി ഏറ്റുവാങ്ങും.
ഉച്ചക്ക് പാറശാല മഹാദേവ ക്ഷേത്രത്തിൽ വിഗ്രഹങ്ങളെ ഇറക്കിപൂജ നടത്തിയ ശേഷം രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തങ്ങും. 11ന് രാവിലെ അവിടെ നിന്ന് പൂറപ്പെട്ട് വൈകിട്ട് 4ന് കരമന ആവണി അമ്മൻ കോവിലിലെ പൂജയ്ക്കുശേഷം കുമാരസ്വാമി വെള്ളിക്കുതിരയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തിരിക്കും. സരസ്വതി ദേവിയും ഉടവാളും പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപത്തിലും ശുചീന്ദ്രം ദേവിയെ ചെന്തിട്ട ക്ഷേത്രത്തിലും കുമാര സ്വാമിയെയും വെള്ളിക്കുതിരയെയും ആര്യശാലാ ദേവീ ക്ഷേത്രത്തിലുമായി 21 വരെ കുടിയിരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |