
ഉദിയൻകുളങ്ങര: കൊല്ലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 63ലക്ഷം രൂപ മുടക്കി നിർമ്മിച്ച വഴിയിടം വർഷങ്ങളായി കാടുകയറി നശിക്കുകയാണ്. ദേശീയപാതയോരത്ത് കാടുകയറി നശിച്ചിരുന്ന കോടികൾ വിലയുള്ള വസ്തുവിലെ കങ്ങണം കച്ചേരി എന്നറിയപ്പെടുന്ന പഴയ ധാന്യശേഖര ഓഫീസ് കേരളകൗമുദി വാർത്തയെ തുടർന്ന് പൊളിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയായ വഴിയിടം സ്ഥാപിച്ചത്.
മുൻപ് പ്രദേശം കാടുമൂടി നശിക്കുന്നെന്ന് ചുണ്ടിക്കാട്ടി കേരളകൗമുദിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് മൂന്ന് വർഷം മുമ്പ് നടപടിയുണ്ടായത്.
ദേശീയ പാതയോരത്തെ ഈ കെട്ടിടം മറ്റേതെങ്കിലും ഓഫീസുകൾക്ക് വാടകയ്ക്ക് കൊടുക്കുമെന്ന നിർദ്ദേശം വന്നെങ്കിലും അതും നടന്നില്ല.
രാജ ഭരണകാലം മുതൽ നിലവിലുണ്ടായിരുന്ന മുൻ ഓഫിസ് കൃഷിക്കാരായ ഗ്രാമവാസികളുടെ ആശ്രയമായിരുന്നു. ഈ ധാന്യശേഖരണ ഓഫീസ് പിന്നീട് വില്ലേജ് ഓഫീസായി ഏറെ കാലം പ്രവർത്തിച്ചു. 34വർഷങ്ങൾക്ക് മുമ്പ് കൊല്ലയിൽ വില്ലേജ് ഓഫീസ് അമരവിളയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതോടെ കെട്ടിടം ഉപയോഗശൂന്യമായി.
കെട്ടിടം കാടുകയറി നശിക്കുന്നു
രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ടോയ്ലെറ്റ്,കഫറ്റീരിയ,മുലയൂട്ടാനുള്ള സൗകര്യം എന്നിവയും മുകളിലത്തെ നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സംവിധാനത്തിൽ ഡോർമെറ്ററിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി വഴിയിടം പണിതിട്ടും നിലവിൽ കാടുകയറി കിടക്കുകയാണ്. കെട്ടിടം നവീകരിക്കുന്നതിനായി ടെൻഡർ നൽകിയെങ്കിലും വീണ്ടുമത് പുനർ ടെൻഡറിന് വച്ചിരിക്കുകയാണെന്ന വാദമാണ് കൊല്ലയിൽ പഞ്ചായത്ത് അധികൃതർ പറയുന്നത്.
ഓഫീസുകൾ വാടക കെട്ടിടത്തിൽ
കൊല്ലയിൽ പഞ്ചായത്തിന്റെ പരിധിയിലുണ്ടായിരുന്ന സബ് രജിസ്ട്രാർ ഓഫീസ് വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ പഞ്ചായത്തിന്റെ പരിധിയിലുണ്ടായിരുന്ന രജിസ്ട്രാർ ഓഫീസ് ഇപ്പോൾ ചെങ്കൽ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്വകാര്യ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതുപോലെയുള്ള നിരവധി സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ഒരു ഓഫീസിനെങ്കിലും ഈ സ്ഥലം ഉപയോഗിക്കാൻ ജനപ്രതിനിധികൾ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |