SignIn
Kerala Kaumudi Online
Monday, 19 October 2026 3.43 AM IST

പണിതുടങ്ങി 5 വർഷം കഴിഞ്ഞിട്ടും പണിതീരാതെ മണലി-മേച്ചിറ റോഡ്

manali-road
പണിതുടങ്ങി 5 വർഷം കഴിഞ്ഞിട്ടും പണിതീരാതെ മണലി-മേച്ചിറ റോഡ്

കാട്ടാക്കട: ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും ജനകീയ സമരങ്ങൾക്കുമൊടുവിൽ 2021ൽ പണി തുടങ്ങിയ കിള്ളി-പനയംകോട്-മണലി-മേച്ചിറ-ഇ.എം.എസ് അക്കാഡമി റോഡ് നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല.

കാട്ടാക്കട-തിരുവനന്തപുരം റോഡിൽ കിള്ളി പള്ളിമുക്കിൽ നിന്നും തുടങ്ങി മണലി-മേച്ചിറ വഴി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കിഫ്‌ബി ഫണ്ടിൽ നിന്ന് 6.58കോടി ചെലവിൽ എഫ്‌.ഡി.ആർ സാങ്കേതികവിദ്യയിൽ ആദ്യമായി തുടങ്ങിയ 5.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ജോലികളാണ് മുടങ്ങിക്കിടക്കുന്നത്.

ചെലവ്---6.58കോടി

നിർമ്മാണം..........എഫ്‌.ഡി.ആർ സാങ്കേതികവിദ്യയിൽ

നിർമ്മാണം പാതിവഴിയിൽ

റോഡ് കടന്നുപോകുന്ന ഭാഗത്ത് ഏഴ് കലുങ്കുകളുടെയും പാർശ്വഭിത്തികളുടെയും നിർമ്മാണവും ടാറിംഗുമാണ് ഇനി അവശേഷിക്കുന്നത്. ഇവിടങ്ങളിൽ ചിലയിടത്ത് കലുങ്ക് പണി പൂർത്തിയായെങ്കിലും റോഡ് പൊളിഞ്ഞ നിലയിലായതോടെ യാത്രക്കാർ ദുരിതത്തിലാണ്. ഹൈദരാബാദ് കേന്ദ്രമായ സ്വകാര്യകമ്പനിയാണ് 2020ൽ കരാർ ഏറ്റെടുത്തത്. 2021ൽ പണി ആരംഭിച്ചത് മുതൽ വിവാദങ്ങളും തുടങ്ങി. ആകെയുള്ള 5.5കിലോമീറ്റർ റോഡിൽ ഒരു വർഷം കൊണ്ട് 2 കിലോമീറ്റർ മാത്രമാണ് ആദ്യം പൂർത്തിയാക്കിയത്. പ്രതിഷേധം കടുത്തതോടെ ജോലികൾ തുടങ്ങി. ഇതും ഇടയ്ക്ക് മുടങ്ങിയപ്പോൾ വീണ്ടും സമരമായി. തുടർന്നാണ് കഴിഞ്ഞ വർഷം റോഡിന്റെ കലുങ്കുകൾ ബാക്കിയിട്ട് റോഡ് ടാറിംഗ് നടത്തി. ഇപ്പോൾ അഞ്ച് മാസമായി പണികൾ നിറുത്തിവച്ചിരിക്കുകയാണ്.

പൊട്ടിപ്പൊളിഞ്ഞ് റോഡ്

സമയത്തിന് പണി പൂർത്തിയാക്കി ടാറിംഗ് നടത്താത്തതിനാൽ ഈ ഭാഗങ്ങളിൽ റോഡാകെ പൊളിഞ്ഞ നിലയിലാണ്. മഴക്കാലത്ത് ഇതുവഴി വെള്ളം കുത്തിയൊലിക്കുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിൽ അനുബന്ധമായി സ്ഥാപിക്കേണ്ട ദിശാസൂചകങ്ങൾ,മുന്നറിയിപ്പ് ബോർഡുകൾ,റിഫ്ളക്ടീവ്/മൈൽ സ്റ്റോണുകൾ,ദൂരപരിധി കാണിക്കുന്ന കിലോമീറ്റർ സ്റ്റോണുകൾ,പ്രവൃത്തിവിവര ബോർഡുകൾ എന്നിവയൊന്നും പൂർത്തിയാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL