വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയ്ലെറ്റുകൾ അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശോച്യാവസ്ഥയിലായ ടോയ്ലെറ്റുകൾ അടച്ചിട്ടിട്ട് മാസങ്ങളേറയായി. ഇവിടെയെത്തുന്ന നൂറുകണകണക്കിന് യാത്രക്കാരും ജീവനക്കാരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുവാൻ കഴിയാതെ വലയുകയാണ്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തിരക്കേറിയ വിതുര തേവിയോട് ജംഗ്ഷന് സമീപമാണ് ഡിപ്പോ പ്രവർത്തിക്കുന്നത്.
പൊൻമുടിയിലും മറ്റുമെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള നിരവധി ആളുകളാണ് നിത്യേന ടോയ്ലെറ്റ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 2000ലാണ് വിതുര ഡിപ്പോ പ്രവർത്തനമാരംഭിച്ചത്. ടോയ്ലെറ്റ് നന്നാക്കണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തുന്ന വിതുര ജംഗ്ഷനിലും ടോയ്ലെറ്റ് നിർമ്മിച്ചിട്ടില്ല.
നടപടിയുണ്ടാകുന്നില്ല
സി.പി.ഐ, സി.പി.എം യൂണിയനുകൾ പ്രശ്നം സംബന്ധിച്ച് കെ.എസ്.ആർ.ടി.സിക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. കേരളകൗമുദിയും ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തേവിയോട് റസിഡന്റ്സ് അസോസിയേഷനും ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റിയും പരാതി നൽകിയിരുന്നു. വേണ്ടത്ര ഫണ്ട് ഇല്ലാത്തതുമൂലമാണ് നന്നാക്കാത്തതെന്നും ഉടൻ ശരിയാക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നത്. പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങളേറയായി.
ശോച്യാവസ്ഥ കാരണം മാസങ്ങളായി അടച്ചിട്ടിരിക്കുന്ന വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയ്ലെറ്റുകൾ അടിയന്തരമായി നന്നാക്കണം. യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. വിതുര പഞ്ചായത്ത് പ്രശ്നത്തിൽ ബന്ധപ്പെടണം. സത്വരനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇ.എം.നസീർ, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |