തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിൽ ഉൾപ്പെട്ട കൂട്ടുപ്രതികളെക്കുറിച്ച് വ്യക്തത തേടാനും കൃത്യത്തെക്കുറിച്ച് തെളിവുകൾ ശേഖരിക്കാനും ജയിലിൽ കഴിയുന്ന പ്രതി രവീന്ദ്രൻ നായരെ ഈ ആഴ്ച കസ്റ്റഡിയിൽ വാങ്ങും.
രവീന്ദ്രൻ നായരടക്കം മൂന്ന് പ്രതികളെക്കുറിച്ചാണ് പൊലീസിന് നിലവിൽ വ്യക്തതയുള്ളതെങ്കിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. രവീന്ദ്രൻ നായരെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. കൃത്യം നടന്ന് വർഷങ്ങൾ പിന്നിട്ടതിനാൽ പഴുതടച്ച നിലയിൽ കുറ്റപത്രം തയ്യാറാക്കുകയെന്നത് പൊലീസിന് വെല്ലുവിളിയാണ്. കേസിലെ മൂന്നാം പ്രതി അനിൽ നേരത്തെ മരണപ്പെട്ടു.
കേസിലെ രണ്ടാം പ്രതിയായ കാർ ഡ്രൈവർ സാജു നിലവിൽ അബുദാബിയിലായതിനാൽ അറസ്റ്റ് ചെയ്യുന്നത് വെല്ലുവിളിയാണ്. മുമ്പ് സാജുവിനെ രണ്ടുവട്ടം പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതി ചേർത്തശേഷം ഇയാളെ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് സാജുവിനെ അറസ്റ്റ് ചെയ്യേണ്ടത് വെല്ലുവിളിയാണ്. ഇയാൾ പൊലീസുമായി സഹകരിക്കാത്തതിനാൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
അന്വേഷണ ഏജൻസിയുടെ അപേക്ഷപ്രകാരം ഇന്റർപോൾ വഴിയാണ് 'റെഡ് നോട്ടീസ്' പുറപ്പെടുവിക്കുക.ഇങ്ങനെ ചെയ്താൽ അബുദാബിയിലെ പൊലീസിന് പ്രതിയെ കണ്ടെത്തി തടങ്കലിൽ വയ്ക്കാൻ ഔദ്യോഗികമായി അനുമതി ലഭിക്കും. അതല്ലെങ്കിൽ മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി വഴി നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തി പ്രതിയെ നാട്ടിലെത്തിക്കാനുമാകും. അന്വേഷണ ഏജൻസികളും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംയുക്തമായി കൈകാര്യം ചെയ്യേണ്ടതിനാൽ ആഭ്യന്തര വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |