SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

ജൂതപ്പള്ളി വളപ്പിൽ ലക്ഷ്യമിട്ടത് വൻ സ്ഫോടനമെന്ന് എബിൻ

bdc

കൈവിലങ്ങ് അഴിക്കാതെ തെളിവെടുപ്പ്

കൊച്ചി: നഗരത്തിലെ കടവുംഭാഗം ജൂതപ്പള്ളിയിൽ ലക്ഷ്യമിട്ടത് തീവയ്പല്ലെന്നു‌ം പാകിസ്ഥാനി 'ബോസി"ന്റെ നിർദ്ദേശപ്രകാരം ഉഗ്ര സ്ഫോടനമാണെന്നും പ്രതി എബിൻ പോളിന്റെ കുറ്റസമ്മത മൊഴി. പള്ളിവളപ്പിലേക്ക് എറിഞ്ഞ പെട്രോൾ ബോംബ് അബദ്ധത്തിൽ ഗേറ്റിൽ തട്ടി ഫ്ലക്സിനും ബാനറുകൾക്കും തീപിടിച്ചതാണെന്നും പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യു.എ.പി.എ) വകുപ്പുകൾ ചുമത്തിയേക്കും.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് സ്ഫോടന പദ്ധതി എബിൻ സമ്മതിച്ചത്. 5 ലിറ്റർ പെട്രോൾ ഇതിനായി ഉപയോഗിച്ചു. ഗേറ്റിൽ തട്ടിതെറിച്ച് തീ പടർന്നതോടെ പദ്ധതി പാളിയെങ്കിലും ബോസ് 2 ലക്ഷം രൂപ ക്രിപ്റ്റോ കറൻസി വഴി കൈമാറി.

തീവയ്പ് നടന്ന ജൂതപ്പള്ളിയിലുൾപ്പെടെ അഞ്ചിടങ്ങളിൽ എബിൻ പോളുമായി ഇന്നലെ തെളിവെടുപ്പ് നടത്തി. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് പ്രതിയെ മുഴുവൻ സമയവും കൈവിലങ്ങ് അണിയിച്ചിരുന്നു. ഉച്ചയ്ക്ക് 2.30ന് എറണാകുളം ജൂതപ്പള്ളിക്ക് മുന്നിലാണ് ആദ്യമെത്തിച്ചത്. തുടർന്ന്, തീ കൊളുത്താൻ ഉപയോഗിച്ച കമ്പിത്തിരി വാങ്ങിയ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ പടക്കക്കടയിലെത്തിച്ചു. ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു. എബിനെ ഇന്ന് കോടതിയിൽ തിരികെ ഹാജരാക്കും.

റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്

നേരെ രണ്ട് വട്ടം ബോംബേറ്

മൂവാറ്റുപുഴ മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിൽ നടത്തിയ പെട്രോൾ ബോംബ് ആക്രമണത്തിനു മുമ്പ് മൂവാറ്റുപുഴയിലെ ആവാസ് റിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിനു നേരെ രണ്ട് തവണ പെട്രോൾ ബോംബേറ് നടത്തിയെന്ന നിർണായക വിവരവും ഇന്നലെ പുറത്തുവന്നു. ജനുവരിയിലും മാർച്ചിലും രാത്രി രണ്ട് തവണയായിട്ടായിരുന്നു ബോംബേറ്. 9000 രൂപയാണ് ബോസ് പ്രതിഫലം നൽകിയത്. ജനാലകൾക്ക് കരിപിടിച്ചതൊഴിച്ചാൽ കാര്യമായ നാശനഷ്ടം ഉണ്ടാകാത്തതിനാൽ ആർക്കും സംശയം തോന്നിയില്ല.

റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലും കാർ ഷോറൂമിലും ഇയാളുമായി തെളിവെടുത്തു. സ്ഫോടനങ്ങൾക്ക് പലപ്പോഴായി പെട്രോൾ വാങ്ങിയ പുത്തൻകുരിശിലെ രണ്ട് പെട്രോൾ പമ്പുകളിലെയും ജീവനക്കാർ എബിനെ തിരിച്ചറിഞ്ഞു. രണ്ട് ലിറ്റർ വീതം രണ്ട് തവണ കുപ്പികളിലും അഞ്ച് ലിറ്റർ ഒറ്റത്തവണ ക്യാനിലുമാണ് വാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL