SignIn
Kerala Kaumudi Online
Thursday, 29 October 2026 4.03 AM IST

മുക്കോല മണലിയിൽ യാത്രാദുരിതം, തകർന്ന നടപ്പാലം നവീകരിക്കുന്നില്ല

1

വിഴിഞ്ഞം: മുക്കോല മണലി മേഖലയിലെ തോടിന് കുറുകെയുള്ള നടപ്പാലം തകർന്നതോടെ ദുരിതത്തിലായി ആയിരത്തോളം കുടുംബങ്ങൾ. വിഴിഞ്ഞം കോർപ്പറേഷൻ വാർഡിലുൾപ്പെടുന്ന മണലി മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് വർഷങ്ങളായിട്ടും പരിഹാരമില്ല. വീതിയുള്ള നടപ്പാലം തകർന്നതോടെ യാത്രാമാർഗം പരിമിതമായ അവസ്ഥയിലാണ്.

അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ പ്രധാന റോഡുവരെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. വെങ്ങാനൂർ, കോട്ടുകാൽ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കേവലം രണ്ടടി വീതിയുള്ള നടപ്പാലത്തിലൂടെ നടന്നാണ് പ്രധാന റോഡിലെത്തേണ്ടത്. അപകടസാദ്ധ്യതയും നിലനിൽക്കുന്നതാണ് ഈ യാത്രാമാർഗം.

വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മണലി മേഖല നൂറുകണക്കിന് കർഷകരുടെ ഉപജീവനമാർഗം കൂടിയാണ്. കൃഷിയിടങ്ങളിലേക്ക് വളവും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നതിനും വിളവെടുത്ത ഉത്പന്നങ്ങൾ വാഹനങ്ങളിൽ കയറ്റി പ്രധാന റോഡിലെത്തിക്കുന്നതിനും പാലത്തിന്റെ തകർച്ച വലിയ തടസമായിരിക്കുകയാണ്.

പ്രധാന യാത്രാമാർഗം

കാൽനൂറ്റാണ്ടോളം പഴക്കമുള്ള നടപ്പാലം തകർന്നതോടെ പ്രദേശത്തിന്റെ ഗതാഗതവും പ്രതിസന്ധിയിലായി. മുമ്പ് വീതിയുള്ള പാലത്തിലൂടെ ഓട്ടോറിക്ഷകൾക്കും ചെറിയ ചരക്കുവാഹനങ്ങൾക്കും കടന്നുപോകാൻ സാധിച്ചിരുന്നു. എന്നാൽ രണ്ടുവർഷം മുമ്പ് കൃഷിയിടത്തിലേക്ക് വളമടക്കമുള്ള സാധനങ്ങളുമായെത്തിയ ചെറിയ ചരക്കുവാഹനം കടന്നുപോയതിന് പിന്നാലെ പാലത്തിന്റെ പകുതിയോളം ഭാഗം തകർന്ന് തോട്ടിലേക്ക് പതിച്ചു.

ബണ്ട് റോഡിന്റെ വീതി വർദ്ധിപ്പിക്കണം

വിഴിഞ്ഞം,​ബാലരാമപുരം,​കോട്ടുകാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുകിടക്കുന്നത്. പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിലവിലെ ജനപ്രതിനിധികൾക്കും എം.വിൻസെന്റ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്കും പലതവണ നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. മണലി മേഖലയിലെ ജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ തകർന്ന പാലം പുനർനിർമ്മിക്കുകയും ബണ്ട് റോഡിന്റെ വീതി വർദ്ധിപ്പിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ജനങ്ങളുടെ അടിസ്ഥാന യാത്രാസൗകര്യം ഉറപ്പാക്കാൻ ജനപ്രതിനിധികൾക്ക് കഴിയുന്നില്ലെന്നത് പ്രതിഷേധാർഹമാണ്. രോഗികൾക്കും വിദ്യാർത്ഥികൾക്കും കർഷകർക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്ന പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പുതിയ നടപ്പാലം നിർമ്മിക്കാൻ അധികൃതർ തയ്യാറാകണം.

വിഷ്ണു ചന്ദ്രൻ,​യുവമോർച്ച നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL