SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

വിതുര ആദിവാസി മേഖലയിൽ വന്യമൃഗശല്യം

വിതുര: വിതുര പഞ്ചായത്തിലെ ആദിവാസി മേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആദിവാസികാണിക്കാർ സംയുക്തസംഘത്തിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും. വിതുര പഞ്ചായത്തിലെ കല്ലാർ മൊട്ടമൂട്, ആറാനക്കുഴി,അല്ലത്താര, കൊമ്പ്രാംകല്ല്,ചാമക്കര,ചണ്ണനിരവട്ടം,ചെമ്പിക്കുന്ന്,അറവലക്കരിക്കകം,കല്ലൻകുടി,തലത്തൂതക്കാവ്, മണലി,പനനിന്നമൺപുറം,ചാത്തൻകോട്,ചെമ്മാംകാല,പൊടിയക്കാല,കുട്ടപ്പാറ,പട്ടൻകുളിച്ചപാറ എന്നീ ആദിവാസി മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. മേഖലയിലെ കൃഷികളിൽ ഭൂരിഭാഗവും മൃഗങ്ങൾ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം ലഭ്യമാക്കുന്നില്ല. പകൽസമയത്തും കാട്ടാനകൾ ഇറങ്ങി ഭീതി പരത്തുന്നുണ്ട്. ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിനുള്ളിൽ കയറുവാൻ കഴിയാത്ത അവസ്ഥയുമായി. കാട്ടാനയുടെ ആക്രമണത്തിൽ അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആനശല്യം മൂലം രാത്രിയിൽ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്.

കാട്ടുപോത്തിന്റെയും പുലിയുടേയും പന്നിയുടേയും ശല്യമുണ്ട്. സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ അനവധി തവണ കാട്ടാനകളുടെ ആക്രമണത്തിന് വിധേയരായി.

ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് വനപാലകർക്ക് അനവധി തവണ നിവേദനം നൽകിയെങ്കിലും നടപടികളില്ല. വനപാലകർ വാഗ്ദാനം നൽകിയ ആനക്കിടങ്ങും വൈദ്യുതിവേലിയും ഇനിയും സ്ഥാപിച്ചിട്ടില്ല. പൊൻമുടി സംസ്ഥാനപാതയിലും കാട്ടാനശല്യമുണ്ട്.

വിതുര പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ വർദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണണം.അടിയന്തരമായി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കണം. കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം ലഭ്യമാക്കണം. സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

മേത്തോട്ടം പി.ഭാർഗവൻ, എ.കെ.എസ്.എസ് സംസ്ഥാനപ്രസിഡന്റ്,

വി.സുധാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL