
മലയിൻകീഴ്: വിളപ്പിൽ,മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ മാലിന്യനിക്ഷേപം വ്യാപകമാകുന്നു. ഇടറോഡുകളും പ്രധാന റോഡുകളും ഒഴിഞ്ഞ സ്ഥലങ്ങളുമാണ് സാമൂഹ്യവിരുദ്ധർ മാലിന്യനിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നത്. വിളപ്പിൽ പഞ്ചായത്തിലെ മുക്കംപാലമൂട്-ചെറുകോട്,കാട്ടുവിള റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്.റോഡിന്റെ പലഭാഗത്തും മാലിന്യം കൂട്ടിയിട്ട നിലയിലാണ്.
മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിലെ കൊടും വളവിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മാലിന്യനിക്ഷേപത്തിനെതിരെയുള്ള ബോർഡിന് താഴേ മാലിന്യനിക്ഷേപം വ്യാപകമായിട്ടുണ്ട്. മാലിന്യപ്പൊതികൾ തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡിൽ ഇടുന്നതും തെരുവുനായ്ക്കൾ കടിച്ചെടുത്ത് ഓടുന്നതും ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണ്.
വെള്ളവും മലിനമാകുന്നു
മൂങ്ങോട്-അന്തിയൂർക്കോണം റോഡിൽ പല ഭാഗങ്ങളിലായി മാലിന്യപ്പൊതികൾ നിറഞ്ഞിട്ട് കാലങ്ങളായി. മാലിന്യം കൊണ്ടിടുന്നവരെ പിടികൂടുന്നതിനായി സന്നദ്ധസംഘടന രൂപീകരിച്ച് നിരവധി പേരെ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നെങ്കിലും മാലിന്യനിക്ഷേപത്തിന് അറുതിവന്നിട്ടില്ല. കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡിലും മാലിന്യനിക്ഷേപത്തിന് അറുതിവന്നിട്ടില്ല. ബണ്ടിൽ ഇടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്.മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾവാസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.
സി.സി.ടിവി ക്യാമറ സ്ഥാപിച്ചിട്ടും ഫലമില്ല
മാറനല്ലൂർ പഞ്ചായത്തിലെ അണപ്പാട്-ചീനിവിള റോഡിൽ മാലിന്യനിക്ഷേപം വ്യാപകമായിട്ടുണ്ട്. പഞ്ചായത്ത് കെൽട്രോണിന്റെ സഹകരണത്തോടെ സി.സി.ടിവി ക്യാമറ സ്ഥാപിച്ചെങ്കിലും മാലിന്യനിക്ഷേപം കുറഞ്ഞിട്ടില്ല. കാൽനട,വാഹന യാത്രക്കാരെല്ലാം മാലിന്യദുർഗന്ധം ശ്വസിക്കേണ്ട ഗതികേടിലാണ്.
മലയിൻകീഴ്-തിരുവനന്തപുരം,മലയിൻകീഴ്-കാട്ടാക്കട,തച്ചോട്ടുകാവ്- മങ്കാട്ടുകടവ് എന്നീ റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യനിക്ഷേപം രൂക്ഷമാണ്.
മഞ്ചാടി-ശ്രീകൃഷ്ണപുരം റോഡിലും മാലിന്യനിക്ഷേപം വ്യാപകമാണ്.
മൂങ്ങോട്-ചെറുകോട് കാട്ടുവിള റോഡിൽ സി.സി.ടിവി ക്യാമറ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കും.യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കും. മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടിയുണ്ടാകും.
സി.എസ്.അനിൽ,വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |