
സിഗററ്റിൽ നിന്ന് തീപടർന്നതാകാമെന്ന് പ്രാഥമിക നിഗമനം മദ്യലഹരിയിലായിരുന്നതിനാൽ രക്ഷപ്പെടാനായില്ല
കുളത്തൂർ: മൺവിളയിൽ വീടിന് തീപിടിച്ച് ഓട്ടോഡ്രൈവർ വെന്തുമരിച്ചു.മൺവിള കോട്ടൂർ രഞ്ജിത്ത് ഭവനിൽ ലതകുമാരിയുടെയും നളിനകുമാറിന്റെയും മകൻ സുജിത്താണ് (34) മരിച്ചത്. സിഗരറ്റിൽ നിന്ന് തീപടർന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യലഹരിയിലായിരുന്നതിനാൽ തീപിടിത്തമുണ്ടായപ്പോൾ മുറിയിൽ നിന്ന് സുജിത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്‌ക്ക് 2.15നായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട സമീപവാസി സ്ഥലത്തെത്തി നോക്കുമ്പോഴാണ് മുറിയിൽ തീ പടരുന്നതായി കണ്ടത്. അകത്ത് സുജിത്തിന്റെ നിലവിളി ഉയർന്നതോടെ അയൽവാസി ബഹളംവച്ച് നാട്ടുകാരെയും കഴക്കൂട്ടം ഫയർഫോഴ്സിനെയും വിവരമറിയിച്ചു. നാട്ടുകാരെത്തി മുറിയിൽ അകപ്പെട്ട സുജിത്തിനെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ശക്തമായ തീയും പുകയും ഉയർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. സ്ഥലത്തെത്തിയ കഴക്കൂട്ടം ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ട് സുരക്ഷാ ജാക്കറ്റുകൾ ധരിച്ച് മുറിയിൽ കയറി. ശരീരമാകെ കത്തിക്കരിഞ്ഞ നിലയിലാണ് സുജിത്തിനെ കണ്ടെത്തിയത്. ഉടൻ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
തീപിടിത്തത്തിൽ വീട് പൂർണമായി നശിച്ചു. ഫർണിച്ചറുകളും വസ്ത്രങ്ങളും പുസ്തകങ്ങളുമടക്കം കത്തിക്കരിഞ്ഞ നിലയിൽ ചിതറി കിടക്കുകയായിരുന്നു. നിർമ്മാണം പൂർത്തിയാകാത്ത ഇരുനില വീട്ടിലെ രണ്ടാം നിലയിൽ സുജിത്തും കുടുംബവും താഴത്തെ നിലയിൽ സുജിത്തിന്റെ ജ്യേഷ്ഠൻ രഞ്ജിത്തും ഇരുവരുടെയും മാതാപിതാക്കളുമാണ് താമസിക്കുന്നത്. സുജിത്തും രഞ്ജിത്തും രാവിലെ മുതൽ മദ്യപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തമുണ്ടാകുമ്പോൾ സുജിത്ത് ഒറ്റയ്‌ക്കാണ് മുകളിലെ നിലയിലുണ്ടായിരുന്നത്. ഭാര്യ ജോലിക്കും മകൾ സ്‌കൂളിലും പോയിരിക്കുകയായിരുന്നു.
തീപടിത്തമുണ്ടായ വിവരം താഴത്തെ നിലയിൽ മദ്യലഹരിയിൽ കിടക്കുകയായിരുന്ന രഞ്ജിത്ത് അറിഞ്ഞതുമില്ല. താഴത്തെ നിലയിലും മറ്റാരുമുണ്ടായിരുന്നില്ല. സുജിത്ത് ഓട്ടോ ഡ്രൈവറാണ്. ഭാര്യ: അർച്ചന (കഴക്കൂട്ടം ഡി.ടി.ഡി.സി കൊറിയർ കമ്പനി ജീവനക്കാരി). ആറാം ക്ലാസ് വിദ്യാർത്ഥി കാർത്തികയാണ് മകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |