
ആലുവ: ശ്രീമൂലനഗരം വെള്ളാരപ്പിള്ളി കൂവപ്പാടത്തുനിന്ന് എക്സൈസ് സംഘം പിടികൂടിയത് ഏറ്റവും വലിയ സ്പിരിറ്റ് ശേഖരമാണെന്ന് ജോയിന്റ് എക്സൈസ് കമ്മിഷണർ വിനോദ്കുമാർ ആലുവ എക്സൈസ് സർക്കിൾ ഓഫീസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 35 ലിറ്ററിന്റെ 607 കന്നാസുകളിലായി 20,638 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഒന്നരക്കോടിയോളം രൂപ വിലവരും. ഇത് വ്യാജമദ്യമാക്കി വിപണിയിലെത്തിക്കുമ്പോൾ മൂന്ന് കോടിയിലേറെ രൂപയുടെ ഇടപാടാണ് നടക്കുന്നത്. ഒന്നരമാസം മുമ്പാണ് ഇവിടെ സ്പിരിറ്റ് കച്ചവടം ആരംഭിച്ചതെന്നാണ് സൂചന. ബംഗളൂരുവിൽനിന്ന് എത്തിച്ചതാണ് സ്പിരിറ്റ്. ഇതിൽ കുറെയേറെ മറിച്ച് വിറ്റിട്ടുണ്ട്. അവശേഷിച്ചവയാണ് പിടികൂടിയിട്ടുള്ളതെന്നും ജോയിന്റ് കമ്മിഷണർ പറഞ്ഞു.
കർണാടകം, ഗോവ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പിരിറ്റ് വരുന്നത്. ശ്രീമൂലനഗരത്തെ സ്പിരിറ്റ് കേന്ദ്രത്തിൽനിന്ന് തൃശൂർ, പാലക്കാട്, എറണാകുളം ഭാഗത്തേക്കാണ് സ്പിരിറ്റ് മറിച്ച് നൽകിയിരുന്നത്. സ്വിഫ്ട് കാർ, താർ ജീപ്പ് എന്നിവയാണ് ഗോഡൗണിൽനിന്ന് സ്പിരിറ്റ് കടത്താൻ ഉപയോഗിച്ചിരുന്നത്. സ്പിരിറ്റ് വാങ്ങാൻ വരുന്നവർ പള്ളിപ്പരിസത്ത് ആളൊഴിഞ്ഞ ഭാഗത്ത് വാഹനം നിറുത്തിയിടും. തുടർന്ന് സ്വിഫ്ട് കാറിലോ ജീപ്പിലോ അവിടെയെത്തിച്ച് കൈമാറും. സ്പിരിറ്റ് വാങ്ങാൻ വരുന്നവരെ ഗോഡൗണിലേക്ക് എത്തിക്കാറില്ല.
ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, അസി. കമ്മിഷണർ എ.ടി. ജോബി, സി.ഐ ജോസ് പ്രതാപ്, ഇൻസ്പെക്ടർ എസ്. ശ്യാംകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
പിടിയിലായ പ്രതി റിമാൻഡിൽ
രഹസ്യവിവരത്തെ തുടർന്ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി എഴരയോടെയാണ് റെയ്ഡ് നടത്തി സ്പിരിറ്റ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് പിടിയിലായ ചൊവ്വര എടനാട് പരിപ്പിള്ളിവീട്ടിൽ പി.ഡി. തോമസിനെ (53) അങ്കമാലി കോടതി റിമാൻഡ് ചെയ്തു.
എക്സൈസ് സംഘം എത്തുന്നതിന് തൊട്ടുമുന്നേമുങ്ങിയ ശ്രീമൂലനഗരം സ്വദേശി നവാസ് (45), മലയാറ്റൂർ സ്വദേശി അമൽ ആന്റണി, ശ്രീഭൂതപുരം സ്വദേശി റെജോ എന്നിവർക്കായി തെരച്ചിൽ ശക്തമാക്കി.
ഭൂഉടമയായ യുവതിയും ഒളിവിൽ
എക്സൈസ് സംഘം സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ഭൂഉടമയായ സ്ത്രീയും ഒളിവിൽപ്പോയി. കേസിലെ രണ്ടാംപ്രതിയായ നവാസിന്റെ ഭാര്യ ഷീജയാണ് ഒളിവിൽ പോയത്. ഷീജയുടെ പേരിലുള്ളതാണ് സ്പിരിറ്റ് കണ്ടെത്തിയ ഗോഡൗൺ. രണ്ടുമാസം മുമ്പാണ് ഇവിടെ താത്കാലിക ഗോഡൗൺ നിർമ്മിച്ചത്. സംഭവത്തിന് പിന്നാലെ ഷീജയും ഒളിവിൽപ്പോയത് സ്പിരിറ്റ് കച്ചവടത്തിൽ പങ്കുണ്ടെന്നതിന്റെ സൂചനയാണെന്നാണ് എക്സൈസ് സംഘം കരുതുന്നത്. നേരത്തെ ഇഷ്ടികക്കളം നടത്തിയിരുന്നയാളാണ് നവാസ്.
എക്സൈസ് സംഘം എത്തുംമുമ്പേ പിക്കപ്പ് വാനിൽ ഗോഡൗണിൽനിന്ന് സ്പിരിറ്റ് കടത്തിയിരുന്നു. ഈ സ്പിരിറ്റ് വാഹനത്തിന് പൈലറ്റായിട്ടാണ് നടത്തിപ്പുകാരായ മറ്റ് മൂന്ന് പ്രതികളും സ്വിഫ്ട് കാറിൽ പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |