
വിഴിഞ്ഞം: ആന്ധ്ര സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ വനിതാ സുഹൃത്തും അറസ്റ്റിലായി.
കല്ലറ പാങ്ങോട് വട്ടക്കരിക്കകത്ത് കാക്കാണിക്കര മഹേഷ് ഭവനിൽ നിന്ന് വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്‌ക്ക് താമസിക്കുന്ന നഗരൂർ പഞ്ചായത്തിന് കീഴിലെ ആരോഗ്യകേന്ദ്രത്തിലെ താത്കാലിക ഹെൽത്ത് ഇൻസ്‌പെക്ടർ വി. മായയെയാണ് (42) എസ്.ഐ.ടി ഇന്നലെ വൈകിട്ട് അറസ്റ്റുചെയ്തത്. ഇതോടെ സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. യുവതി അനുരൂപുമായി ഒരു വർഷത്തിലധികമായി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.ടി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഒപ്പം താമസിക്കുന്ന യുവാവിനെയും ആന്ധ്രയിലെ പാലസമുദ്രം ഗൊരൻല്ല വീട്ടിൽ നിന്ന് ആന്ധ്ര പൊലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു. തൊഴിച്ചലിലും ചപ്പാത്തിലും ആയുർ കേരള സ്പാകൾ നടത്തുന്ന സജിത്ത് കുമാർ(47),ആവാടുതുറയിലെ ഡ്രീംസ് സ്പാ ഉടമ നിഷാന്ത്(46) എന്നിവരും അറസ്റ്റിലായിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറന്റ് ലഭിച്ചു. അനുരൂപിനെ അടുത്ത മാസം 2ന് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇവരെ തെളിവെടുപ്പിനെത്തിക്കും. എസ്.ഐ.ടി ടീമിലെ കൺട്രോൾ റൂം അസി.കമ്മിഷണർ ചന്ദ്രകുമാർ,കോവളം സി.ഐ വി.എം.ശ്രീകുമാർ,വനിത എസ്.എച്ച്.ഒ ജയശ്രീ,എസ്.ഐമാരായ അനിൽകുമാർ, വിൽബർ രാജ്,എ.എസ്.ഐമാരായ ഷിബി,മീന.എസ്.നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പണം വാങ്ങിയതായി കണ്ടെത്തി
----------------------------------------------------------
അനുരൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്പാ നടത്തിപ്പുകാരിൽ നിന്നും വരുമാനത്തിന്റെ ഒരു പങ്ക് യുവതിയുടെ അക്കൗണ്ടിലേക്ക് പോയിരുന്നെന്നും സ്‌പാകളിലെത്തുന്ന ഇടപാടുകാരിൽ നിന്ന് പണം ഈടാക്കിയിരുന്നത് യുവതിയാണെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മായയെ രാത്രിയും ചോദ്യം ചെയ്‌ത് വരികയാണ്.
പെൺകുട്ടിയെ അവസാനം കാണാതായ നിശാന്തിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് സ്പായിൽ നിന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടുണ്ട്. ചൂഷണത്തിനിരയായ പെൺകുട്ടി ഉണ്ടായിരുന്ന സ്പായിൽ യുവതിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായും സി.സി ടിവി ദൃശ്യങ്ങളിൽ യുവതിയെ കണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു
ഫോട്ടോ: മായ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |