നെടുമങ്ങാട്: ഗ്യാസ് സ്റ്റൗവും സിലിണ്ടറും നന്നാക്കലിന്റെ മറവിൽ വീടുകൾ കയറിയിറങ്ങി തട്ടിപ്പെന്ന് പരാതി. സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി സിലിണ്ടറും സ്റ്റൗവും കേടാണെന്നും പൊട്ടിത്തെറിക്ക് സാദ്ധ്യതയുണ്ടെന്നും ഭയപ്പെടുത്തി മെയിന്റനൻസിന്റെ പേരിൽ വൻ തുക ഈടാക്കുന്നുവെന്നാണ് പരാതി ഉയരുന്നത്. കരകുളം, അരുവിക്കര,കാച്ചാണി,തറട്ട,വെള്ളനാട്,മുണ്ടേല മേഖലകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം വിലസുന്നത്. ഏതെങ്കിലും അംഗീകൃത ഏജൻസികളുടെ പേരിൽ വീടുകളിൽ കടന്നുകൂടുന്ന ഇവർ ബർണറും മറ്റുപകരണങ്ങളും മാറ്റിയിട്ടാണ് അമിത വിലയും സർവീസ് ചാർജും കൈക്കലാക്കുന്നത്.
1,800 രൂപ വിലയുള്ള സ്റ്റൗവിന് 3,000 രൂപ കൈപ്പറ്റിയതായി തറട്ട സ്വദേശിനിയായ വീട്ടമ്മ പറയുന്നു. ഈ രംഗത്ത് തൊഴിൽ പരിചയമോ സാങ്കേതിക പരിജ്ഞാനമോ ഉള്ളവരല്ല തട്ടിപ്പിനിറങ്ങിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഉപകരണങ്ങൾ കൃത്യമായി പിടിപ്പിക്കാനോ പ്രവർത്തിപ്പിക്കാനോ ഇവർക്കറിയില്ല. മിക്ക വീടുകളിലും വീട്ടമ്മമാരുടെ സഹായത്തോടെയാണ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്.പണം വാങ്ങി മുങ്ങുന്ന സംഘം,പിന്നീട് ഫോൺ വിളിച്ചാൽ അറ്റൻഡ് ചെയ്യില്ല.ഇതേച്ചൊല്ലി കഴിഞ്ഞദിവസം കരകുളത്ത് ഒരാളെ നാട്ടുകാർ പിടികൂടി കൈയേറ്റം ചെയ്തിരുന്നു.വീടുകളിലെത്തി സ്റ്റൗ സർവീസ് ചെയ്യുമെന്ന് ഫോൺ നമ്പർ വച്ചുള്ള പോസ്റ്ററുകൾ പതിച്ചാണ് ഇക്കൂട്ടർ തട്ടിപ്പിന് കളമൊരുക്കുന്നത്.ഇതുസംബന്ധിച്ച് പ്രദേശത്തെ വിവിധ ഗ്യാസ് ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ വീടുകളിലെത്തി സർവീസ് ചെയ്യുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തട്ടിപ്പുകാരെക്കുറിച്ച് നാട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |