തിരുവനന്തപുരം: 17കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് ശ്രീകാര്യം നിവാസികൾ. ഇന്നലെ വൈകിട്ടോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. പ്രധാനറോഡിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തിൽ കാടുംപടർപ്പും കയറിയ പുരയിടത്തിലാണ് മൃതദേഹം കണ്ടത്.
ഇവിടെ അടുത്തൊന്നും വീടുകളില്ലാത്തത് കൊലപാതകം നടത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കാൻ പ്രതികൾക്ക് സഹായകമായി. ഈ ഭാഗത്തേക്ക് ആളുകൾ എത്താനിടയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മൃതദേഹം ഇവിടെ ഉപേക്ഷിക്കാൻ പ്രതികൾ തീരുമാനിച്ചതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് പ്രദേശത്തേക്ക് നാട്ടുകാർ ഒഴുകിയെത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഇതിനിടെ സ്ഥലത്തെത്തിയിരുന്നു.
പെൺകുട്ടിയുടെ മൊഴി നിർണായകം
പൊലീസ് 17കാരിയെ ചോദ്യം ചെയ്തതോടെയാണ് കേസിലെ നിർണായക വിവരങ്ങളും പ്രതികളെക്കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച 17കാരൻ, കൊലപാതകത്തിൽ തനിക്ക് മാത്രമാണ് പങ്കെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകകയാണ്.
ഇരുട്ടിൽ വെളിച്ചമെത്തിച്ച് ഇൻക്വസ്റ്റ്
കാടുപിടിച്ച പ്രദേശത്ത് രാത്രി വെളിച്ചമില്ലാതിരുന്നത് ഇൻക്വസ്റ്റ് നടപടികൾക്ക് ആദ്യഘട്ടത്തിൽ തടസമായെങ്കിലും പിന്നീട് ജനറേറ്ററുകളും ലൈറ്റുകളുമെത്തിച്ച് നടപടികൾ വേഗത്തിലാക്കി. വൈകീട്ടോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
താങ്ങാനാകാതെ കുടുംബം
അഭിറാമിന്റെ വിയോഗവാർത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. ശ്രീകാര്യം എൻജിനിയറിംഗ് കോളേജിന് മുന്നിലെ ഓട്ടോഡ്രൈവറാണ് കൊല്ലപ്പെട്ട അഭിറാമിന്റെ പിതാവ് പൗഡിക്കോണം സ്വദേശി മധു. മാതാവ് ധർമ്മജയും സഹോദരി ആര്യയും ഗൾഫിലാണ്. കഴിഞ്ഞ പത്തുവർഷമായി പാങ്ങപ്പാറയിലാണ് ഇവരുടെ കുടുംബം വാടകയ്ക്ക് താമസിച്ചുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |