വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.
തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ഷാജനെയാണ് (39) അയിരൂർ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഷാജൻ സുബിനയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആഴത്തിലുള്ള മുറിവിൽ രക്തം വാർന്ന നിലയിൽ സുബിന വീട്ടിൽ കിടക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വാർഡ് മെമ്പറെ അറിയിച്ചതിനെ തുടർന്ന് പൊലീസിന് വിവരം കൈമാറുകയായിരുന്നു.
സ്ഥലത്തെത്തിയ അയിരൂർ പൊലീസ് ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് സുബിന നിരവധി തവണ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് ആറുവയസുള്ള മകളുണ്ട്. സംഭവത്തിൽ ഷാജനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |