
നെയ്യാറ്റിൻകര: രാമേശ്വരം - മരുതത്തൂർ - തവരവിള റോഡ് ടാർ പൊട്ടിപ്പൊളിഞ്ഞതോടെ ഈ പ്രദേശത്തെ നാട്ടുകാരുടെ നിത്യജീവിതം ദുരിതത്തിലായി. റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് പത്ത് വർഷത്തോളമായി, മുൻപുണ്ടായിരുന്ന ടാർ കഴിഞ്ഞ മഴയത്ത് പൂർണമായും പൊട്ടിപ്പൊളിഞ്ഞു. ഇവിടെ വലിയ കുഴികളും ചാലുകളും രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനം പോലും ഓടിക്കുവാൻ കഴിയാതായി. ടൗൺ പ്രദേശത്തേക്ക് ആവശ്യമായ, ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികൾ ചന്തയിൽ എത്തിക്കുവാൻ പോലും ഓട്ടോറിക്ഷകൾ ഇതുവഴി എത്തുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. കൃഷി ആശ്രയിച്ച് നിത്യജീവിതം പുലർത്തിയിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡ് തകർന്നത് കാരണം കഷ്ടത്തിലായത്.
നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലുള്ള തവരവിള വാർഡിലെ ഈ റോഡ് നന്നാക്കുവാൻ നഗരസഭ മുൻകൈയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
രാത്രികാലങ്ങളിലെത്തുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രയും ദുഷ്കരമായി. ഈ പ്രദേശത്ത് അത്യാസന്ന നിലയിൽ കഴിയുന്ന രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകാനായി നെയ്യാറ്റിൻകര ടൗണിലേക്ക് ഒരു ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാറില്ല.
ബസ് സർവ്വീസും നിറുത്തി
റോഡ് തകർന്നതോടെ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ദിവസേന അഞ്ച് സർവ്വീസ് നടത്തിവന്നിരുന്ന രാമേശ്വരം-തവരവിള-മാരായമുട്ടം -നെട്ടണി ബസ് സർവ്വീസുകൾ പൂർണ്ണമായും നിറുത്തലാക്കി. ഇതുകാരണം വിദ്യാർത്ഥികളും മറ്റ് തൊഴിലുകൾക്കായി പോകുന്നവരും സർക്കാർ ജീവനക്കാരും 3 കിലോമീറ്ററോളം നടന്നാണ് നെയ്യാറ്റിൻകര ടൗണിൽ എത്തിചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |