
വിതുര: തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ മേഖലയിലെ ആദിവാസി സമൂഹത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ച മലയടി കാരക്കോണം ശുദ്ധജലപദ്ധതി അനിശ്ചിതത്വത്തിൽ. 2012-2013 സാമ്പത്തിക വർഷത്തിൽ മലയടി കാരക്കോണം കേന്ദ്രമാക്കി ആരംഭിച്ച സൗഹൃദ ശുദ്ധജല പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപവിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചത്. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2015 ജനുവരിയിൽ ആഘോഷപൂർവം ഉദ്ഘാടനമാമാങ്കവും നടത്തി. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞിട്ടും ആദിവാസി സമൂഹത്തിന് ഒരിറ്റ് ദാഹനീർ പോലും ലഭിച്ചില്ലെന്ന പരാതിയുണ്ട്. ഉയർന്ന പ്രദേശമായതിനാൽ വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകൂടിയാണിവിടം. കുടിവെള്ളത്തിനായി പരക്കം പായുന്ന പ്രദേശവാസികൾ കിലോമീറ്ററുകൾ താണ്ടി നദികളേയും മറ്റും ആശ്രയിച്ചാണ് ദാഹം അകറ്റുന്നത്. സമരപരിപാടികൾ നടത്തുവാനുള്ള തീരുമാനത്തിലാണ് പൊൻപാറ ആദിവാസി ഉന്നതി നിവാസികൾ.
നോക്കുകുത്തിയായി ജലസംഭരണി
മേഖലയിലെ കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. മന്ത്രിക്കും എം.പിക്കും എം.എൽ.എക്കും ത്രിതല പഞ്ചായത്തിലും പരാതികൾ നൽകിയിട്ടുണ്ട്. കുടിവെള്ളവിതരണത്തിനായി നിർമ്മിച്ച സംഭരണിയും നോക്കുകുത്തിയാണ്.
യന്ത്രസാമഗ്രികകളും മറ്റ് വൈദ്യുതോപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു.ബന്ധപ്പെട്ടവർക്ക് ആദിവാസികാണിക്കാർ സംയുക്തസംഘവും പൊൻപാറ റസിഡന്റ്സ് അസോസിയേഷനും പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |