വെള്ളറട: വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ നടപടിയില്ല, കർഷകർ പെരുവഴിയിൽ. അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല, കണ്ടംതിട്ട,പാമ്പരംകാവ്,പുറുത്തിപ്പാറ,വാഴിച്ചൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് കൃഷി ചെയ്ത് കുടംബം പുലർത്താൻ കഴിയാത്ത അവസ്ഥയാണ്. ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങളായി. നിവേദനങ്ങൾ നിരവധി നൽകുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മരച്ചീനി(കപ്പ),വാഴ,ചേമ്പ്,ചേന,മറ്റുനാണ്യവിളകളൊന്നും കൃഷിചെയ്യാൻ കഴിയുന്നില്ല.
ഭീഷണിയായി വാനരപ്പടയും കാട്ടുപന്നികളും
കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ് പതിവ്. മാവും പുളിയും പ്ളാവും കായ്ച്ച് തുടങ്ങിയതോടുകൂടി വാനരൻമാർ വ്യാപകമായി അടിച്ചു കളയും. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ചിട്ടശേഷം സ്ഥലം വിടും. നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നുമെത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മലയോരത്തെ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതികൾ നടപ്പിലാക്കണമെന്നും ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |