കല്ലമ്പലം: മടവൂർ പഞ്ചായത്തിലെ തകരപറമ്പ്, സീമന്തപുരം എന്നിവിടങ്ങളിലെ ഹൈമാസ്‌റ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി. ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തി അടിയന്തരമായി ലൈറ്റ് തെളിക്കണമെന്നാവശ്യം ശക്തമാകുന്നു. നേരത്തെ നാട്ടുകാർ പിരിവെടുത്ത് ലൈറ്റ് നന്നാക്കിയെങ്കിലും താമസിയാതെ പ്രവർത്തന രഹിതമായി.
പഞ്ചായത്തിന് പലതവണ പരാതികൾ നൽകിയെങ്കിലും കേടായ ലൈറ്റ് നന്നാക്കാനുള്ള നടപടിയുണ്ടായില്ല. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ പഞ്ചായത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. എം.പി, എം.എൽ.എ ഫണ്ടിൽ നിന്ന് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പഞ്ചായത്തുകൾക്ക് നിലവിൽ പ്രത്യേക ഫണ്ടൊന്നും നൽകുന്നില്ല. കേടാകുന്ന ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നില്ലെങ്കിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അറ്റകുറ്റപ്പണി പഞ്ചായത്തിന്
പദ്ധതി വിഹിതത്തിൽ നിന്നാണ് ലൈറ്റ് നന്നാക്കാനുള്ള തുക വകയിരുത്തുന്നത്. പലപ്പോഴും തികയാതെ വരുന്നതായും പരാതികളുണ്ട്. ലൈറ്റുകൾ സ്ഥാപിച്ചതിന് ശേഷം 3 വർഷത്തെ വാറന്റിയാണ് കമ്പനികൾ നൽകുന്നത്. ഇതിനുശേഷം ലൈറ്റുകൾ കേടായാൽ അറ്റകുറ്റപ്പണികൾ നടത്തേണ്ട ബാദ്ധ്യത പഞ്ചായത്തുകൾക്കാണ്. പദ്ധതി വിഹിതം വിനിയോഗിച്ച ശേഷം കേടാകുന്ന ലൈറ്റുകൾ നന്നാക്കാൻ അടുത്ത പദ്ധതി വിഹിതം കിട്ടുന്നതുവരെ കാത്തിരിക്കണം.
മടവൂർ പഞ്ചായത്തിൽ നിലവിൽ 10 ഹൈമാസ്റ്റും 6 മിനി ഹൈമാസ്റ്റ് ലൈറ്റുമാണ് ഉള്ളത്.
തകരപറമ്പിൽ 2014-15 വർഷത്തിൽ എം.എൽ.എ ഫണ്ടിൽ നിന്നു 5.67 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
സീമന്തപുരത്ത് 10 വർഷം മുമ്പ് എം.എൽ.എ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് 4 വർഷമായി കത്തുന്നില്ല
പ്രതികരണം
മടവൂർ പഞ്ചായത്തിൽ കേടായ ചെറുതും വലുതമായി ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 2 ലക്ഷം രൂപ പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ചു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തും.
എ.ഹസീന, പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |