
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് വീണ്ടും പരാതി ഉയരുന്നു. ആറ് മാസം മുൻപ് വഴുതൂർ സ്വദേശിയായ യുവാവ് ഡോക്ടറെ കാണാനുള്ള ക്യൂവിൽ നിന്ന് ചികിത്സ കിട്ടാതെ കുഴഞ്ഞു വീണ സംഭവത്തിന് ശേഷമാണ് വീണ്ടും ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഇ.എൻ.ടി,ജനറൽ സർജറി,ഗൈനക്കോളജി, പീഡിയാട്രിക്സ്,ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഡെർമറ്റോളജി തുടങ്ങിയ സ്പെഷ്യലൈസ്‌ഡ് ഒ.പികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മിക്ക സമയത്തും ഡോക്ടർമാരുടെ അഭാവം കാരണം ചികിത്സക്കായെത്തുന്ന രോഗികൾ മടങ്ങിപ്പോകുകയാണ് പതിവ്. താലൂക്കിലെ ദൂര സ്ഥലങ്ങളിൽ നിന്നും ചികിത്സ തേടിയെത്തുന്ന രോഗികളാണ് ഇതുകാരണം ദുരിതത്തിലായത്.
അപകടങ്ങളിൽപ്പെട്ട് ഗുരുതരാവസ്ഥയിലെത്തുന്നവരെ അടിയന്തര ചികിത്സ പോലും നൽകാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ഇപ്പോഴത്തെ രീതിയെന്നും ആക്ഷേപമുണ്ട്.
പരാതി ബുക്കുണ്ട്, കേൾക്കാനാളില്ല
രോഗികൾക്കുണ്ടാകുന്ന ദുരിതങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്ത് പരിഹരിക്കാനുള്ള സംവിധാനമില്ലെന്ന് രോഗികൾ പറയുന്നു. ഇതിലേക്കായി ഒരു ഹെൽപ് ഡെസ്ക് സംവിധാനം നടപ്പാക്കണമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും നടപ്പായിട്ടില്ല.
ട്രോമാ കെയർയൂണിറ്റും ഭാഗീകം
24മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ട്രോമാ കെയർ സംവിധാനം ഇവിടെയുണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല. ട്രോമ സർജൻമാർ,എമർജൻസി മെഡിസിൻ വിദഗ്ദ്ധർ, ഓർത്തോപീഡിക് സർജൻമാർ, ന്യൂറോ സർജൻമാർ, അനസ്തെറ്റിസ്റ്റ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം വേണമെന്നിരിക്കെ 24 മണിക്കൂറം ഇവ സജ്ജമല്ല. വെന്റിലേറ്ററുകൾ, ഡിഫിബ്രിലേറ്ററുകൾ, രക്ത ബാങ്ക്, അടിയന്തര ശസ്ത്രക്രിയാ മുറികൾ, എക്സ്-റേ, സി.ടി സ്കാൻ തുടങ്ങിയ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ വേണമെന്നിരിക്കേ ബ്ളഡ് ബാങ്ക് പോലും നേരെ പ്രവർത്തിക്കുന്നില്ല. വെന്റിലേറ്റർ സംവിധാനവുമില്ല.അപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനായി ട്രോമാ കെയർ യൂണിറ്റ് അടിയന്തരമായി കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഇ.എൻ.ടി വിഭാഗത്തിൽ ചെവി വേദനയുമായെത്തിയ ടൗൺ സ്വദേശിയായ രോഗിയെ ആറ് ദിവസം കിടത്തി ചികിത്സിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ചെറിയ അസുഖങ്ങൾ പോലും ചികിത്സിച്ച് സുഖപ്പെടുത്തുവാനാകാത്ത സാഹചര്യമാണുള്ളത്.
ദിവസവും നൂറിലേറെ പേർ ചികിത്സ തേടിയെത്തുന്ന ഗൈനക്കോളജി വിഭാഗത്തിൽ ഇരുപതിലേറെപ്പേർ മാത്രമേ ഇപ്പോഴെത്തുന്നുള്ളു.
ജീവനക്കാരുടെ അഭാവം
രണ്ടായിരത്തിലേറെ പേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ജനറൽ ആശുപത്രിയിൽ
138ജീവനക്കാരും 42ലേറെ ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ടെങ്കിലും മതിയായ ചികിത്സ ലഭ്യമാകാതെ രോഗികൾ മടങ്ങുന്ന സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |